ഡല്‍ഹി: വനിതാസുഹൃത്തിനെ കോക്പിറ്റിലേയ്ക്ക് ക്ഷണിച്ച രണ്ട് പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445 വിമാനത്തിലെ രണ്ടു പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തത്. കോക്പിറ്റില്‍ അനധികൃതമായി യാത്രക്കാരി പ്രവേശിച്ചു എന്ന ക്യാബിന്‍ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിയമം ലംഘിച്ച് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കടക്കാന്‍ അനുവദിച്ചെന്ന പരാതിയില്‍ പൈലറ്റിനും സഹപൈലറ്റിനുമെതിരെ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ലേയിലേക്കുള്ള വ്യോമപാത രാജ്യത്തെ തന്നെ ഏറ്റവും പ്രയാസമേറിയതും അപകട സാധ്യത ഏറെയുള്ളതുമാണ്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും.
ഫെബ്രുവരി 17ന് ദുബായ് – ഡല്‍ഹി റൂട്ടിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയെന്ന കാബിന്‍ ക്രൂവിന്റെ പരാതിയില്‍ ഡി.ജി.സി.എ നടപടിയെടുത്തിരുന്നു. ഡി.ജി.സി.എ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുകയും എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.