ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരിശോധിക്കേണ്ടതു വനിതാ ഗൈനക്കോളജിസ്റ്റുകളാകണമെന്നു നിഷ്കർഷിക്കുന്ന ഭേദഗതിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. സ്ത്രീയുടെ ലൈംഗികാവയവം വഴിയുള്ള അതിക്രമങ്ങളിലാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി തള്ളിയത്. 2019ലാണ് സംസ്ഥാനത്ത് ഇത്തരം പരിശോധനകള്‍ നിര്‍ദേശിക്കുന്ന മെഡിക്കോ – ലീഗൽ പ്രോട്ടോക്കോളിൽ ഭേദഗതി വരുത്തിയത്.
പീഡന കേസുകളിൽ ഏതെങ്കിലും സ്പെഷ്യാലിറ്റിയുള്ള വനിതാ ഡോക്ടർ പരിശോധിച്ചാല്‍ മതി എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രോട്ടോക്കോൾ. എന്നാൽ പരിശോധനകളിലെ പോരായ്മകള്‍ നിമിത്തം കുറ്റകൃത്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനും വിലയിരുത്താനും സാധിക്കാതെ വരികയും പ്രതികൾ രക്ഷപെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു എന്ന പരാതി ഉയർന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. എസ്.ആർ.ലക്ഷ്മി ഉള്‍പ്പെടെയുള്ള ഡോക്ടർമാർ തുടർന്നു നല്‍കിയ പരാതിയെ തുടർന്നാണ് ഭേദഗതി കൊണ്ടുവരുന്നത്. ഇതനുസരിച്ച് പീഡനം കഴിഞ്ഞ് എത്ര മണിക്കൂർ കഴിഞ്ഞാലും വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ പരിശോധന നടത്തണം.
എന്നാൽ ഇതിനെതിരെ നിലമ്പൂർ ഗൈനക്കോളജി വിഭാഗം ഡോക്ടർ ലക്ഷ്മി രാജ്മോഹൻ ഉൾപ്പെടെ പത്തോളം ഡോക്ടർമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുതിയ ഭേദഗതി നിയമവിരുദ്ധവും കൃത്യമായി പാലിക്കാൻ സാധിക്കാത്തതും നിലവിലുള്ള ദേശീയ, രാജ്യാന്തര മാർഗനിര്‍ദേശങ്ങൾക്കു വിരുദ്ധവുമാണെന്ന് അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്ര കേസുകളിലെ പരിശോധനകളുമായി ബന്ധപ്പെട്ട് ഗൈനക്കോളജിസ്റ്റുകൾക്കു ഫൊറൻസിക് സയൻസിൽ പ്രത്യേക കഴിവുകൾ ഉണ്ടെന്ന മിഥ്യാധാരണയാണ് ഈ ഭേദഗതിക്കു പിന്നിലെന്നും അവർക്ക് അക്കാര്യത്തിൽ എംബിബിഎസ് പാസാകുന്ന ഒരാൾക്കുള്ള ധാരണ മാത്രമേ ഉള്ളൂ എന്നും ഹര്‍ജിക്കാർ വാദിച്ചു.
എന്നാൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളിലും പെൺകുട്ടികളിലും പരിശോധന നടത്താൻ മാത്രമാണ് ഈ ഭേദഗതി എന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അവരുടെ ലൈംഗികാവയവം വഴിയുള്ള അതിക്രമം ഒരു വനിതാ ഗൈനക്കോളജിസ്റ്റ് തന്നെ പരിശോധിക്കുന്നതു വഴി തെളിവുകൾ ശേഖരിക്കുകയും ഇരയായവർക്കു കൃത്യമായ ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യാമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഹർജിക്കാർക്കു തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. മിക്ക ആശുപത്രികളിലും വനിത ഗൈനക്കോളജിസ്റ്റുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശോധനകൾ വൈകുമെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.