feni balakrishnan’s comment on saritha’s letter

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെയും ഗുരുതര ആരോപണമുന്നയിച്ച് പുറത്തുവന്ന സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്.നായരുടെ കത്ത് വ്യാജമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.

സരിതയുടേതായി ഇപ്പോള്‍ പുറത്തുവന്ന കത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളുമുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഇത് ആദ്യത്തെ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫെനി പറഞ്ഞു. സ്വകാര്യ ചാനലാണ് സരിതയുടേതെന്ന പേരില്‍ കത്ത് പുറത്തു വിട്ടത്. 2013 ജൂലൈയില്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താന്‍ എഴുതിയ കുറിപ്പാണിതെന്ന് ചാനല്‍ അഭിമുഖത്തില്‍ സരിതയും അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ് കുമാറും ഗണേഷിന്റെ പി.എ പ്രദീപ് കുമാറും ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ മനോജും ചേര്‍ന്നാണ് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ കൂട്ടു നില്‍ക്കണമെന്ന് തന്നോട് ഗണേഷ് ആവശ്യപ്പെട്ടുവെന്നും പറ്റില്ലെന്ന് താന്‍ പറഞ്ഞതായും ഫെനി അറിയിച്ചു. കഴിഞ്ഞ മാസം ഒമ്പതിന് ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് കുമാര്‍ നേരില്‍ കണ്ടാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീട് ഗണേഷ് തന്നെ ഫോണിലും ബന്ധപ്പെട്ടു. ഒപ്പം നിന്നാല്‍ കാര്‍ സമ്മാനമായി നല്‍കാമെന്ന് ഗണേഷിന്റെ പി.എ വാഗ്ദാനം ചെയ്തതായും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.

മന്ത്രിമാരായ എ. പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഹൈബി ഈഡന്‍ എംഎല്‍എ, എ. പി. അബ്ദുല്ലക്കുട്ടി എംഎല്‍എ, ബഷീറലി തങ്ങള്‍, കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, എഡിജിപി കെ. പത്മകുമാര്‍ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്നാണു വെളിപ്പെടുത്തല്‍. എന്നാല്‍, ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സരിതയുടെ പുതിയ കത്ത് രണ്ടാം പതിപ്പാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന വലിയ ലോബിയാണ് ഇപ്പോള്‍ വിവാദത്തിനു പിന്നിലെന്നും ബാറുടമകളുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top