കൊച്ചി: ലൈംഗീക അതിക്രമ കേസിനെ ലഘൂകരിച്ചും പ്രതിയായ ദിലീപിന്റെ ഫിയോക്ക് ഭാരവാഹിത്വത്തെ ന്യായീകരിച്ചും സംഘടനയുടെ പ്രസിഡന്റ് കെ വിജയകുമാര്‍. നടി ആക്രമിക്കപ്പെട്ട കേസ് അപൂര്‍വ്വ സംഭവമായി തനിക്ക് തോന്നുന്നില്ലെന്ന് തിയേറ്റര്‍ സംഘടനകളുടെ നേതാവ് പറഞ്ഞു. ദിലീപിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തോടായിരുന്നു കെ വിജയകുമാറിന്റെ പ്രതികരണം. ഫിയോക് ചെയര്‍മാനായ ദിലീപിനോട് സംഘടനയില്‍ നിന്ന് മാറി നില്‍ക്കാന്‍ അംഗങ്ങളില്‍ ഒരാള്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിജയകുമാര്‍ മറുപടി നല്‍കി.
ദിലീപിനെ മാറ്റി നിര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് ഫിയോക്കിന്റെ വിലയിരുത്തല്‍. തനിക്കെതിരേയും ഫിയോക്ക് ഭാരവാഹികള്‍ക്കെതിരേയും ധാരാളം കേസുകളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അപൂര്‍വ്വമാണെന്ന് കാണുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും തോന്നുന്നതായിരിക്കാം. കേസ് വാദിക്കുന്ന വക്കീലിനോ വിധി എഴുതുന്ന ജഡ്ജിനോ തോന്നുന്നത് നമുക്ക് തോന്നണമെന്നില്ല. ദിലീപിന്റെ കേസുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്നും കെ വിജയകുമാര്‍ പ്രതികരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം വിളിച്ച പത്ര സമ്മേളനത്തിലാണ് ഫിയോക്ക് പ്രസിഡന്റിന്റെ പ്രതികരണം. കെ വിജയകുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.