ഫെറാറി പോര്‍ട്ടോഫീനൊ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഫെറാറിയുടെ ഏറ്റവും പുതിയ പ്രാരംഭ മോഡലായ 2+2 GT ഘടനയില്‍ എത്തുന്ന പുതിയ പോര്ട്ടോഫീനൊയ്ക്ക് മൂന്നരകോടി രൂപയാണ് വില വരുന്നത്.
വശങ്ങളില് കാര്‍ബണ്‍ ഫൈബര്‍ സ്കേര്‍ട്ടുകള്‍ കാറിന്റെ രൂപത്തെ സ്വാധീനിക്കുന്നുണ്ട്. ചാഞ്ഞുയരുന്ന പിന് വീല്‍ ആര്‍ച്ചുകള്‍ ടെയില്‍ലാമ്പുകളിലേക്ക് വന്നണയും വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വളയമായി ഒരുങ്ങുന്ന ടെയില്ലാമ്പുകള്ക്കുള്ളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. ക്വാഡ് എക്സ്ഹോസ്റ്റ് സംവിധാനവും മോഡലില്‍ ഒരുക്കിയിട്ടുണ്ട്.
മുന്നിലും പിന്നിലും രണ്ടുപേര്‍ക്കുവീതം സഞ്ചരിക്കാം. 10.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 8.8 ഇഞ്ച് സ്ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, 18 ഇഞ്ച് വിധത്തില്‍ ക്രമീകരിക്കാവുന്ന വൈദ്യുത സീറ്റ് എന്നിങ്ങനെ നീളും ഫെറാറി പോര്‍ട്ടോഫീനൊയുടെ വിശേഷങ്ങള്‍.
പരിഷ്കരിച്ച 3.9 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 എഞ്ചിനാണ് ഫെറാറി പോര്ട്ടോഫീനൊയില്. എഞ്ചിന് 600 bhp കരുത്തും 760 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന് കരുത്ത് പിന് ചക്രങ്ങളിലെത്തുക. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 3.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 320 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.