75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത

തിരുവനന്തപുരം: 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കും. സാധാരണ 100 പ്രവര്‍ത്തി ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചിരുന്നതെങ്കില്‍ ഇത്തവണ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 75 ദിവസം തൊഴിലിലേര്‍പ്പെട്ടവര്‍ക്ക് വരെ ഉത്സവബത്ത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു. സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്‌സ് സഹകരണ സംഘങ്ങള്‍ മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോണസ് ലഭ്യമാകും. റെഗുലര്‍ ജീവനക്കാര്‍, നീതി സ്‌റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍, നിക്ഷേപ, വായ്പ കളക്ഷന്‍ ജീവനക്കാര്‍, അപ്രൈസര്‍മാര്‍ എന്നിവര്‍ക്കെല്ലാം ബോണസ് ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.

Top