നടന്‍ ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. ഇനിയുള്ള സിനിമകള്‍ തിയറ്ററിന് നല്‍കുമെന്നും ദുല്‍ഖര്‍ അറിയിച്ചു.
ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ മാര്‍ച്ച് 15നാണ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കുന്നത്. വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചിരുന്നു.
തുടര്‍ന്ന് വിഷയത്തില്‍ ദുല്‍ഖറിന്റെ പ്രതിനിധി വിശദീകരണം നല്‍കുകയായിരുന്നു.
ബോബി സഞ്ജയ് എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയിലാണ് ക്യാമറ കൈകാര്യം ചെയ്തത്. എ ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചു. ജേക്സ് ബിജോയ് ആണ് സംഗീതം. ദുല്‍ഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.