മൂവായിരത്തില്‍ താഴെ ഐഎസ് ഭീകരര്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളുവെന്ന് യുഎസ്

ബാഗ്ദാദ്: മൂവായിരത്തില്‍ താഴെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമേ സിറിയയിലും ഇറാഖിലുമായി ഉള്ളുവെന്ന് യുഎസ്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും മറ്റും ചേര്‍ന്നുനടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഐഎസ് ഭീകരരുടെ എണ്ണം കുറഞ്ഞത്. ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വര്‍ഷം ആദ്യം തന്നെ തകര്‍ന്നടിഞ്ഞതായി യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് യുഎസ് സൈന്യത്തിലെ കേണല്‍ റയന്‍ ഡില്ലന്‍ ട്വീറ്റ് ചെയ്തു.

മൂവായിരത്തില്‍ത്താഴെയുള്ള ഐഎസ് ഭീകരരും ഭീഷണിയാണ്. അവരെ പരാജയപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കുകയാണെന്നും ഡില്ലന്‍ അറിയിച്ചു. സഖ്യകക്ഷികള്‍ ഇതുവരെ 1,25,000 പേര്‍ക്കു പരിശീലനം നല്‍കി. ഇതില്‍ 22,000 പേര്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ പോരാളികളാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഐഎസിന്റെ പതനത്തിനുശേഷവും ഇറാഖിലും സിറിയയിലും യുഎസ് സ്ഥിര സൈനിക താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top