സാന്റിയോഗോ: ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്‌ട്രോ ഇന്ന് ജ്വലിക്കുന്ന ഓര്‍മ്മയാകും. കാസ്‌ട്രോയുടെ ചിതാഭസ്മം സാന്റിയാഗോ ഡിക്യൂബയില്‍ ഇന്ന് സംസ്‌കരിക്കും. കാസ്‌ട്രോ തന്റെ വിപ്ലവ യാത്രക്ക് തുടക്കം കുറിച്ച സാന്‍ഡിയാഗോയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും വിമോചന നായകരില്‍ ഒരാളായ ഹോസേ മാര്‍ട്ടിയുടെ സ്മാരകത്തിന് സമീപം ക്യൂബന്‍ സമയം രാവിലെ ഏഴിനാണ് സംസ്‌കാരം.
ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് നവംബര്‍ 30ന് പുറപ്പെട്ട വാഹനവ്യൂഹം 900 കിലോമീറ്റര്‍ പിന്നിട്ടാണ് ഫിദലും സംഘവും ക്യൂബന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച സാന്റിയാഗോയിലെത്തിയത്.
ഫിഡലിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാന്റിയാഗോയില്‍ കൂറ്റന്‍ റാലിയും നടന്നു. പതിനായിരങ്ങളാണ് ഫിഡലിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സാന്‍ഡിയാഗോയിലെത്തുന്നത്.
റാലിയില്‍ ഫിഡലിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ, വെനസ്വേല പ്രസിഡന്റ് നിക്കോലാസ് മഡുറോ, ബോളീവിയ പ്രസിഡന്റ് ഇവാ മൊറേല്‍സ്, ബ്രസീല്‍ മുന്‍ പ്രസിഡന്റുമാരായ ലുല ഡ സില്‍, ദില്‍മ റൂസഫ് തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിച്ചു.
തന്റെ പേരില്‍ സ്മാരകങ്ങളോ, റോഡോ നിര്‍മ്മിക്കരുതെന്ന് ഫിദല്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ഫിദലിന്റെ സ്മരണാര്‍ത്ഥം രാജ്യത്ത് സ്മാരകങ്ങളോ പാര്‍ക്കോ, റോഡോ നിര്‍മ്മിക്കില്ലെന്ന് റൗള്‍ കാസ്‌ട്രോ പറഞ്ഞു.
ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് സംസ്‌കാരം നടക്കാന്‍ പോകുന്നത്. നാലു ദിവസം നീണ്ട വിലാപയാത്രയ്ക്കു ശേഷം ഫിഡലിന്റെ ഭൗതികാവശിഷ്ടം വഹിച്ചുകൊണ്ടുള്ള റാലി സാന്‍ഡിയാഗോയിലെത്തി.
ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സാന്റ ഇഫിജീനിയ സെമിത്തേരിയിലാണ് സംസ്‌കാരം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും നിരവധി രാഷ്ട്രതലവന്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഹവാനയിലെത്തിയിട്ടുണ്ട്.
പ്രമുഖ രാഷ്ട്രനേതാക്കളൊന്നും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെ അയച്ചിച്ചുണ്ട്. അമേരിക്ക ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ചടങ്ങില്‍ പങ്കെടുക്കാനായി അയച്ചത്.
പൊതുജീവിതത്തില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിച്ച ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ നവംബര്‍ 25 നാണ് അന്തരിച്ചത്.