സാന്തിയാഗോ: മരിച്ചാല്‍ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും തങ്ങളുടെ പേരിടണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള ലോകത്ത് അതില്‍ നിന്നും വ്യത്യസ്തനായി ഫിഡല്‍ കാസ്‌ട്രോ. ഇത്തരം നടപടികള്‍ വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ജീവിച്ചിരുന്ന കാലത്ത് തന്നെ ഫിഡല്‍ കാസ്‌ട്രോ എതിര്‍ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ക്യൂബയില്‍ കാസ്‌ട്രോയുടെ പേരില്‍ സ്മാരകങ്ങളും റോഡുകളും ഉണ്ടാവില്ല.
ഇതിനായി പ്രത്യേക നിയമനിര്‍മ്മാണത്തിനൊരുങ്ങുകയാണ് ക്യൂബന്‍ ഭരണകൂടം.
ഫിഡലിന്റെ സഹോദരനും ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ് ഇക്കാര്യം അറിയിച്ചത്. ഫിഡല്‍ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ക്യൂബയിലെ കിഴക്കന്‍ നഗരമായ സാന്തിയാഗോയില്‍ ഒത്തുചേര്‍ന്ന ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് റൗള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫിഡലിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ക്യൂബയിലെ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം രൂപീകരിക്കുമെന്നും റൗള്‍ അറിയിച്ചു. മരിച്ചുപോയ ഒരാളുടെ പേര് സ്ഥാപനങ്ങള്‍ക്കും പൊതുവഴികള്‍ക്കും പാര്‍ക്കുകള്‍ക്കും മറ്റ് പൊതു സംവിധാനങ്ങള്‍ക്കും നല്‍കുന്നത് വ്യക്തിപൂജയ്ക്ക് കാരണമാകുമെന്നും ഇത് അനാവശ്യമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു ഫിഡല്‍ കാസ്‌ട്രോയുടെ കാഴ്ചപ്പാട്.
ഇക്കഴിഞ്ഞ നവംബര്‍ 25ന് 90-ാമത്തെ വയസിലാണ് ക്യൂബന്‍ വിപ്ലവ നക്ഷത്രം ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ ഭരണകാലത്തും സ്വന്തം പേര് സ്ഥാപനങ്ങള്‍ക്കോ മറ്റു പൊതു സംവിധാനങ്ങള്‍ക്കോ നല്‍കാന്‍ ഫിഡല്‍ തയാറായിരുന്നില്ല.
മരിച്ചാലും ജനമനസുകളില്‍ ജീവിക്കാന്‍ സ്മാരകങ്ങളുടെ ആവശ്യം യഥാര്‍ത്ഥ ജനനേതാക്കള്‍ക്കില്ലെന്നായിരുന്നു ഫിഡല്‍ കാസ്‌ട്രോയുടെ നിലപാട്.
മരിച്ചവരുടെ സ്മാരകങ്ങളെച്ചൊല്ലി പരസ്പരം പടവെട്ടി രാഷ്ട്രീയപ്രവര്‍ത്തകര്‍ പിടഞ്ഞ് വീഴുന്ന അഭിനവ കാലത്ത് കാസ്‌ട്രോയുടെ ഈ നിലപാട് സമൂഹത്തിന് നല്‍കുന്നത് നല്ലൊരു സന്ദേശം കൂടിയാണ്.