ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡയസ് ബല്ലാര്‍ട്ടിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ബല്ലാര്‍ട്ട് വിഷാദ രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നെന്ന് ക്യൂബന്‍ ഓദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
68കാരനായ കാസ്ട്രോ ജൂനിയര്‍ ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടില്‍ നിരവധി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികിത്സയിലായിരുന്നു. കാസ്ട്രോയുമായി വളരെ രൂപസാദൃശ്യമുണ്ടായിരുന്ന ഡയസ് ബല്ലാര്‍ട്ട് ഫിഡലിറ്റോ എന്നും അറിയപ്പെട്ടിരുന്നു.
ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായിരുന്ന ഡയസ് ബല്ലാര്‍ട്ട് സോവിയറ്റ് യൂണിയനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ക്യൂബയുടെ ഔദ്യോഗിക ശാസ്ത്ര ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ഡയസ് ബല്ലാര്‍ട്ട്, ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ വൈസ് പ്രസിഡന്റുമായിരുന്നു.