fidhal castro-passed away

ക്യൂബ: ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.തൊണ്ണൂറു വയസ്സായിരുന്നു.

കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. 1926 ഓഗസ്റ്റ് 13നു ജനിച്ചു.

ക്യൂബന്‍ മണ്ണില്‍ ഗറില്ലാ പോരാട്ടത്തിന്റെ വിപ്ലവം കുറിച്ച വ്യക്തിയാണ് കാസ്‌ട്രോ. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലെത്തി.

വിപ്ലവപോരാളി ചെഗുവേരയുമായി ചേര്‍ന്ന് ഫിഡല്‍ കാസ്‌ട്രോ നടത്തിയ സാഹസിക വിപ്ലവം ലോകത്തിലെ പൊരുതുന്ന മനസുകള്‍ക്ക് എന്നും ആവേശമാണ്.

ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ. ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

vastro

ക്യൂബന്‍ വിപ്ലവത്തിനുശേഷം 1959ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ രോഗബാധിതനായതിനെത്തുടര്‍ന്ന് 10 വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് അധികാരമൊഴിഞ്ഞത്.

ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന സ്ഥലത്താണ് ഫിഡല്‍ കാസ്‌ട്രോ ജനിച്ചത്. ഫിഡല്‍ അലെജാന്‍ഡ്രോ കാസ്‌ട്രോ റൂസ് എന്നാണ് മുഴുവന്‍ പേര്. പിതാവ് സ്‌പെയിന്‍കാരനായ ഏഞ്ചല്‍ കാസ്‌ട്രോ. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോണ്‍സാലസ്.

കാസ്‌ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്‌കൂളിലായിരുന്നു. ഹവാനയിലെ ബേലെന്‍ സ്‌കൂളില്‍നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

fidal

നിയമപഠനത്തിനായി 1945ല്‍ ഹവാന യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1950ല്‍ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തോടും വിപ്ലവപ്രവര്‍ത്തനങ്ങളോടുമായിരുന്നു കാസ്‌ട്രോക്ക് ആഭിമുഖ്യമുണ്ടായിരുന്നത്.

ചെഗുവേരയുമായി ചേര്‍ന്ന് കാസ്‌ട്രോ നടത്തിയ പോരാട്ടം ക്യൂബയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരം കൂടിയാണ് സൃഷ്ടിച്ചത്.

Top