ആദ്യ മത്സരത്തിനായി ജര്‍മ്മനി ഇന്നിറങ്ങും; എതിരാളികള്‍ മെക്‌സിക്കോ

germany

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍ക്കാണ് റഷ്യ ഇന്ന് വേദിയാകുന്നത്. ഗ്രൂപ്പ് ഇയില്‍ മഞ്ഞപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഗ്രൂപ്പ് എഫില്‍ ജര്‍മ്മനിയും മെക്‌സിക്കോയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ജര്‍മ്മനി മെക്‌സിക്കോ മത്സരം.

തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, മരിയോ ഗോമസ്, ജെറോം ബോട്ടംഗ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ഒരുപാടുണ്ട് ജര്‍മന്‍ നിരയില്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീം യോഗ്യത റൗണ്ടിലെ എല്ലാ കളിയും ജയിച്ചാണ് ലോകകപ്പിനെത്തിയിരിക്കുന്നത്. എന്നാല്‍ സൗഹൃദ മത്സരങ്ങളില്‍ ഓസ്ട്രിയയോടും ബ്രസീലിനോടും തോറ്റത് ആരാധകരെ അല്‍പമൊന്ന് ആശങ്കപ്പെടുത്തുന്നു. അവസാന ഏഴ് ലോകകപ്പിലും ആദ്യ മത്സരം ജയിച്ച ടീമാണ് ജര്‍മനി.

പരുക്കു മാറി ടീമില്‍ തിരിച്ചെത്തിയ ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ നൂയറിന്റെ സാന്നിധ്യം ജര്‍മനിക്ക് ആത്മവിശ്വാസം പകരുമ്പോള്‍ മെസ്യൂട്ട് ഓസിലിന്റെ പരുക്ക് അവര്‍ക്ക് അല്പം ആശങ്കകളും സമ്മാനിക്കുന്നുണ്ട്. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനായി ജര്‍മ്മനി ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ മെക്‌സിക്കോയും ബൂട്ടുകെട്ടുന്നു.

Top