ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്. ഖത്തറില്‍ നടന്ന ആവേശകരമായ ഫൈനലില്‍ തുണീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അള്‍ജീരിയ തോല്‍പ്പിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനി ട്രോഫി സമ്മാനിച്ചു. അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫിഫ അറബ് കപ്പിന്റെ കലാശപ്പോരാട്ടം നടന്നത്.
ആഫ്രിക്കന്‍ ഫുട്‌ബോളിലെ കരുത്തന്മാരായ അള്‍ജീരിയയും തുണീഷ്യയും ബലാബലം നിന്നപ്പോള്‍ ആദ്യ 90 മിനുറ്റില്‍ ആര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തൊണ്ണൂറ്റിയൊമ്പതാം മിനുട്ടില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് തുണീഷ്യന്‍ വലയിലെത്തിച്ച് അള്‍ജീരിയ മുന്നിലെത്തി. ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച തൂണിഷ്യ പലപ്പോഴും ഗോളിനരികെയെത്തിയെങ്കിലും നിര്‍ഭാഗ്യം വില്ലനായി.
കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഒരിക്കല്‍ കൂടി തുണീഷ്യന്‍ വലകുലുക്കി അള്‍ജീരിയ ജയവും കിരീടവും കൈക്കലാക്കി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ ശക്തരായ ഈജിപ്തിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് ഖത്തര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.