FIFA bans Sepp Blatter and Michel Platini for 8 years

സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയ്ക്കും ഫിഫയുടെ വിലക്ക്.

എട്ട് വര്‍ഷത്തേയ്ക്കാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെയാണ് തീരുമാനം.

2011ല്‍ അനധികൃതമായി മിഷേല്‍ പ്ലാറ്റിനിയ്ക്ക് 13 കോടി രൂപ പ്രതിഫലം നല്‍കിയതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് വിലക്കിലേയ്ക്ക് നയിച്ചത്.

ബ്ലാറ്റര്‍ക്ക് 40,000 ഡോളറും പ്ലാറ്റിനിയ്ക്ക് 54,000 ഡോളറുമാണ് പിഴയിട്ടിരിയ്ക്കുന്നത്. അതേ സമയം ഇരുവരും കുറ്റം നിഷേധിച്ചു. വിലക്കിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് ബ്ലാറ്ററും പ്ലാറ്റിനിയും വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെ സ്ഥാനം രാജി വയ്ക്കുന്നതായി ബ്ലാറ്റര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഫിഫ പ്രസിഡന്റാകാനുള്ള പ്ലാറ്റിനിയുടെ സാദ്ധ്യതകള്‍ക്ക് മങ്ങലേറ്റു.

ലോകത്തെ എറ്റവും മികച്ച താരങ്ങളിലൊരാളും ഫ്രഞ്ച് ടീമിന്റെ മുന്‍ ക്യാപ്റ്റ്‌നുമായ മിഷേല്‍ പ്ലാറ്റിനി 2007 മുതല്‍ യുവേഫ പ്രസിഡന്റാണ്. പ്ലാറ്റിനിയ്ക്ക് നില്‍കിയ അധിക തുക കരാറിന്റെ ഭാഗമായിരുന്നില്ല.

1998ലുണ്ടാക്കിയ മറ്റൊരു കരാറിന്റെ ഭാഗമായിരുന്നുവെന്നും ഫിഫ പ്രസിഡന്റിന്റെ ടെക്‌നിക്കല്‍ അഡ്വൈസര്‍ എന്ന നിലയിലുള്ള പ്ലാറ്റിനിയുടെ പ്രവര്‍ത്തനത്തിന് നല്‍കിയ പ്രതിഫലമായിരുന്നുവെന്നുമാണ് വിശദീകരണം. സ്വിസ് നിയമപ്രകാരം വാക്കാലുള്ള കരാറിന് സാധിതയുണ്ടെന്ന് ബ്ലാറ്റര്‍ വാദിച്ചു.

Top