ഫിഫ ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ചെമ്പട; മികച്ച കളിക്കാരന്‍ ‘ മുഹമ്മദ് സലാ’

ദോഹ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ലിവര്‍പൂള്‍. ദോഹയില്‍ നടന്ന ഫൈനലില്‍ ബ്രസീല്‍ ക്ലബ് ഫ്‌ലെമംഗോയെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കന്നി ക്ലബ് ലോകകപ്പ് നേടിയത്.

ലിവര്‍പൂളിന് മുന്നില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ക്ലബ് ഫ്‌ലെമംഗോ മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. കളി തുടങ്ങി ആദ്യ മിനുട്ട് മുതല്‍ ഇരു ടീമുകളും മത്സരിച്ച് കളിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

ബ്രസീല്‍ താരം ഫെര്‍മിനോയും സൂപ്പര്‍താരം മുഹമ്മദ് സലാക്കും കിട്ടിയ അവസരങ്ങള്‍ ആദ്യം മുതലാക്കാന്‍ കഴിഞ്ഞില്ല. ഗോള്‍പിറക്കാത്ത ഇരുപകുതിക്കും ശേഷം അധികസമയത്തിന്റെ 99-ാം മിനുട്ടിലായിരുന്നു ഫിര്‍മിനോയുടെ ആ വിജയഗോള്‍. സാഡിയോ മാനേയുടെ തകര്‍പ്പന്‍ പാസില്‍ നിന്നും ഫെര്‍മിനോ മനോഹരമായി ഫ്‌ലെമിംഗോ വല കുലുക്കിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തുവിളിച്ചു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മുഹമ്മദ് സലാ സ്വന്തമാക്കി. 2020ലെ അടുത്ത ക്ലബ് ലോകകപ്പും ഖത്തറില്‍ വെച്ച് തന്നെയാണ് നടക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമാണ് ലിവര്‍പൂള്‍. സ്റ്റീവന്‍ ജെറാദുള്‍പ്പെടെയുള്ള വിഖ്യാത താരങ്ങള്‍ക്ക് സാധിക്കാത്തത് ക്ലോപ്പിന്റെ കുട്ടികള്‍ നേടി. ഇത്തവണ ചാമ്പ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും കയ്യിലെടുത്ത ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടപോരാട്ടത്തിലും മുന്നിലാണ്.

Top