ഫുട്‌ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് ഫിഫ

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് ഫിഫ. പുരുഷ വനിതാ ഫുട്‌ബോള്‍ ലോകകപ്പുകളാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള സാധ്യതകള്‍ ഫിഫ പരിശോധിക്കുന്നത്.

ഫിഫ വാര്‍ഷിക കോണ്‍ഗ്രസില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ്  ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്നാണ് ഫിഫ ഇതിന്റെ സാധ്യതാ പഠനത്തിനൊരുങ്ങന്നത്. എന്നാല്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആക്കാനുള്ള സാധ്യതകള്‍ മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും അതിവേഗമൊരു തീരുമാനം പ്രതീക്ഷിക്കരുതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളെ തകിടം മറിക്കുന്നൊരു തീരുമാനം പെട്ടെന്നുണ്ടാവില്ലെന്നും തുറന്ന മനസോടെയാണ് ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നതെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി. അടുത്ത വര്‍ഷം ഖത്തറിലാണ് പുരുഷ ലോകകപ്പ് നടക്കുന്നത്. വനിതാ ലോകകപ്പിന് 2023ല്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് വേദിയാവുന്നത്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുകയാണെങ്കില്‍ യോഗ്യതാ മത്സരങ്ങള്‍ എല്ലാ വര്‍ഷവും നടത്തേണ്ടിവരും. ഇത് ദേശീയ ടീമുകളുടെ മത്സരങ്ങളുടെ എണ്ണം കൂട്ടുമെങ്കിലും കളിക്കാരെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ ലീഗുകളുമായി ഫിഫ ധാരണയിലെത്തേണ്ടി വരും.

 

Top