ദോഹ: 2022 ഫിഫ ഖത്തര്‍ ലോകകപ്പിനുള്ള തയാറെടുപ്പുകളില്‍ 95 ശതമാനവും പൂര്‍ത്തിയായി. ലോകത്തിനും മേഖലയ്ക്കും എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാന്‍ ഖത്തര്‍ തയ്യാറായതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് മഹാമാരിക്കിടയിലും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ഖത്തര്‍. വമ്പന്മാര്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ മത്സരം വീക്ഷിക്കാന്‍ കാണികള്‍ക്കും അവസരമുണ്ടാകും. കൊവിഡിന് ശേഷമുള്ള ആദ്യത്തെ വന്‍കിട കായിക ടൂര്‍ണമെന്റിന് എല്ലാംകൊണ്ടും ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. 2022 ഫിഫ ഖത്തര്‍ ലോകകപ്പിനുള്ള തയാറെടുപ്പുകളില്‍ 95 ശതമാനവും പൂര്‍ത്തിയായതായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പ്രതിനിധി അല്‍ സുവൈദി അറിയിച്ചു.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നിരവധി പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്കും ഖത്തര്‍ ഇതിനകം ആതിഥേയരായികഴിഞ്ഞു. ലോകകപ്പിന് മുന്‍പുള്ള ഓരോ ഇവന്റ്സിനും ചാമ്പ്യന്‍ഷിപ്പിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘാടക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. മത്സരം കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കാത്ത കര്‍ശന മെഡിക്കല്‍ ബബിള്‍ സംവിധാനമാണ് നടപ്പാക്കുന്നത്.
കൊവിഡ് മുക്തരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരുമായ കാണികള്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയങ്ങളില്‍ പ്രവേശനം. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പൊതുജനാരോഗ്യ മന്ത്രാലയം മികച്ച പിന്തുണ നല്‍കുന്നതായും അല്‍ സുവൈദി ഖത്തര്‍ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.