സൂറിച്ച്: ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ആരാധക ഏറ്റുമുട്ടലിനും പിന്നാലെ ഗ്രൗണ്ടില്‍ താരങ്ങള്‍ തമ്മിലുണ്ടായ വാക്‌പോരിലും നടപടിയുമായി ഫിഫ. ബ്രസീല്‍, അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീല്‍ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം.
നവംബര്‍ 22ന് മാറക്കാനയില്‍ മത്സരം തുടങ്ങും മുമ്പാണ് അര്‍ജന്റീനന്‍ ആരാധര്‍ക്കെതിരെ ബ്രസീല്‍ ആരാധകര്‍ ആക്രമണം നടത്തിയത്. പിന്നാലെ ഗ്യാലറിയിലെത്തിയ പൊലീസും അര്‍ജന്റീനന്‍ ആരാധകരെ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നാലെ അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.
സ്റ്റേഡിയത്തില്‍ അച്ചടക്കം പാലിക്കാത്തതിനാണ് അര്‍ജന്റീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. 23,000 ഡോളറാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഒടുക്കേണ്ടത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഇക്വഡോര്‍, ഉറുഗ്വേ ടീമുകള്‍ക്കെതിരെയും അര്‍ജന്റീനന്‍ ആരാധകര്‍ അതിരുവിട്ടിരുന്നു. ഇതിന് 59,000 ഡോളർ പിഴ ശിക്ഷയും അര്‍ജന്റീനന്‍ ഫുട്‌ബോളിന് വിധിച്ചിട്ടുണ്ട്.