കുട്ടി ലോകകപ്പില്‍ സ്‌പെയിനിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലണ്ട്

കോല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം.

വന്‍ പോരാട്ടത്തിനൊടുവിലാണ് ഇംഗ്ലണ്ട് കുട്ടി ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം അഞ്ചു ഗോളുകള്‍ യൂറോപ്യന്‍ വമ്പന്‍മാരായ സ്പെയിനിന്റെ വലയില്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചുകയറ്റി ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു.

പത്താം മിനിറ്റില്‍ സെര്‍ജിയോ ഗോമസിലൂടെ സ്പെയിനാണ് കലാശക്കൊട്ടിലെ ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ആബേല്‍ റൂയിസില്‍നിന്ന് തുടങ്ങി യുവാന്‍ മിറാന്‍ഡസെസാര്‍ ഗിലാബര്‍ട്ടു വഴിയെത്തിയ നീക്കം സെര്‍ജിയോ ഗോമസ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.

31-ാം മിനിറ്റില്‍ ഗോമസ് വീണ്ടും ലക്ഷ്യം കണ്ടു. സെസാര്‍ ഗിലാബര്‍ട്ടു തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്. ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്പെയിന്‍ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഗോമസ് വലയിലേക്കു തിരിച്ചുവിടുയായിരുന്നു.

ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സൂപ്പര്‍താരം ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് തിരിച്ചടി ആരംഭിച്ചു. വലതുവിംഗില്‍നിന്നു സ്റ്റീവന്‍ സെസെഗ്നന്‍ ഉയര്‍ത്തിവിട്ട ക്രോസ് ബ്രൂസ്റ്ററിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. പക്ഷേ, ഇത് വരാനിരിക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നെന്ന് ഇംഗ്ലണ്ടിനു പിന്നിടു മനസിലായി.

തുടര്‍ന്നും സ്പെയിന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണ തിരമാലകള്‍ ഉയര്‍ത്തിയ ഇംഗ്ലണ്ടിനായി 58-ാം മിനിറ്റില്‍ ഗിബ്സ് വൈറ്റ് സമനില ഗോള്‍ കണ്ടെത്തി. 69-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടിനു ലീഡ് നല്‍കി. 84-ാം മിനിറ്റില്‍ മാര്‍ക്ക് ഗുവേഹി ഇംഗ്ലണ്ടിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി. നാലു മിനിറ്റിനുശേഷം ഫോഡന്‍ കറ്റാലന്‍മാരുടെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു.

Top