ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ വിജയം ഘാന സ്വന്തമാക്കി.
കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 39-ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി വല ചലിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഇന്ത്യയും അംഗമാണ്.
അതേസമയം മഴ വില്ലത്തരം കാണിച്ച മത്സരത്തിൽ തുർക്കിയും ന്യൂസിലൻഡും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോഗോൾ വീതം നേടി.
നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ന്യൂസിലൻഡിനെതിരേ തുർക്കിയുടെ അഹമ്മദ് കുട്ചുവാണ് കന്നി ഗോൾ നേടിയത്. 18-ാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു ഗോൾ. ഇതോടെ ലോകകപ്പിൽ ഇന്ത്യയിൽ ആദ്യമായി ഗോൾ നേടിയ ടീം എന്ന നേട്ടം തുർക്കിക്കു സ്വന്തമായി.
58-ാം മിനിറ്റിൽ ന്യൂസീലൻഡ് തിരിച്ചടിച്ചു. മാക്സ് മാട്ടയുടെ ഫ്രീകിക്ക് തുർക്കി പ്രതിരോധനിരക്കാരെ കബളിപ്പിച്ച് വല കുലുക്കുകയായിരുന്നു. തുടർന്നും ഇരു ടീമുകളും ആക്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. സമനിലഗോൾ നേടിയ മാക് മാട്ടയ്ക്ക് മത്സരത്തിന്റെ അധികസമയത്ത് ചുവപ്പുകാർഡും ലഭിച്ചു.