കൊച്ചി: ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ന് വൈകുന്നേരം ന്യൂഡല്‍ഹിയില്‍ തുടക്കമാകും.
ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ഫുട്‌ബോള്‍ ലോകകപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്.
രാജ്യത്തെ ആറു സ്റ്റേഡിയങ്ങള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ടു ഡസന്‍ ടീമുകളും തയ്യാറായി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ കൊളംബിയ-ഘാന മത്സരത്തോടെ പതിനേഴാം ലോകകപ്പിന് തിരിതെളിയും. അതേ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ഇന്ത്യയുടെ ആദ്യമത്സരം അമേരിക്കയുമായി.
അതേസമയം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ബ്രസീല്‍-സ്‌പെയിന്‍ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. രാത്രി എട്ടിന് ഉത്തരകൊറിയയും നൈജറും ഏറ്റമുട്ടും. 28-ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ആറ് കോണ്‍ഫെഡറേഷനുകളില്‍നിന്നായി യോഗ്യതാറൗണ്ട് കളിച്ചെത്തിയ 23 ടീമുകളും ഒപ്പം ആതിഥേയരെന്നനിലയില്‍ നേരിട്ട് യോഗ്യത ലഭിച്ച ഇന്ത്യയും. വേദികളൊരുക്കുന്നത് കൊച്ചി, ന്യൂഡല്‍ഹി, മുംബൈ, ഗോവ, ഗുവാഹാട്ടി, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍.
ആറ് ഗ്രൂപ്പുകളിലെ പ്രാഥമിക പോരാട്ടങ്ങള്‍ക്കൊടുവില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യതനേടും. മികച്ച നാലു മൂന്നാം സ്ഥാനക്കാര്‍ക്കും പ്രവേശനമുണ്ട്.
16 മുതലാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. അവിടംമുതല്‍ ഷൂട്ടൗട്ടിന്റെ തീവ്രതയും പിരിമുറുക്കങ്ങളും. 21-ന് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് തുടക്കമാകും. 25-ന് സെമിഫൈനല്‍ മത്സരങ്ങള്‍. ഒടുവില്‍ സാള്‍ട്ട്‌ലേക്കിലെ അന്തിമപോരാട്ടം.
ലോകഫുട്‌ബോളിന്റെ ഭാവിവാഗ്ദാനങ്ങളാണ് ഇന്ത്യന്‍ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്. അവരെ സംബന്ധിച്ച് സീനിയര്‍ ടീമിലേക്കുള്ള സോപാനമാണ് ഈ ലോകകപ്പ്. അതുകൊണ്ട് പ്രതിഭയുടെ പരമാവധി ലോകത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ കഠിനപ്രയത്‌നം നടത്തും.
റൊണാള്‍ഡീന്യോ, നെയ്മര്‍, ലൂയി ഫിഗോ, ടോണി ക്രൂസ്, ജിയാന്‍ലൂജി ബഫണ്‍, ആന്ദ്രെ ഇനിയേസ്റ്റ തുടങ്ങി പില്‍ക്കാലത്ത് ലോകഫുട്‌ബോളിനെ അടക്കിവാണ പല താരങ്ങളും അണ്ടര്‍ 17 ലോകകപ്പിലൂടെ ഉയര്‍ന്നുവന്നവരാണ്.
ഡല്‍ഹിയില്‍ അമേരിക്ക, കൊളംബിയ, ഘാന ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയില്‍ കളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഏതൊരു ചെറിയ നേട്ടവും വലിയ സംഭവങ്ങളാവും. ഘാന മുന്‍ ചാമ്പ്യന്‍മാരാണ്. അമേരിക്കയും കൊളംബിയയും ശക്തരും. ആതിഥേയ ടീം ചാമ്പ്യന്‍മാരായിട്ടുണ്ട്, 2011-ല്‍ മെക്‌സിക്കോ. എന്നാല്‍, ഇറ്റലിയും പെറുവും അടക്കമുള്ള എട്ട് ആതിഥേയ രാജ്യങ്ങള്‍ ആദ്യറൗണ്ടില്‍ത്തന്നെ പരാജയപ്പെട്ട ചരിത്രവുമുണ്ട്.
ഈ ലോകകപ്പിന്റെ നഷ്ടങ്ങള്‍ നിലവിലെ ചാമ്പ്യന്‍മാരായ നൈജീരിയയും കേരളത്തിന്റെ പ്രിയടീമായ അര്‍ജന്റീനയുമാണ്. രണ്ടു രാജ്യങ്ങള്‍ക്കും യോഗ്യതാറൗണ്ട് ജയിക്കാനായില്ല. അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ടീമാണ് നൈജീരിയ.