മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റഷ്യയ്‌ക്കെതിരെ ഗോളടിച്ച ക്രൊയേഷ്യന്‍ പ്രതിരോധ താരം ഡൊമഗോജ് വിദയക്ക് ഫിഫയുടെ താക്കീത്. റഷ്യക്കെതിരെ നേടിയ വിജയം താരം ഉക്രെയ്‌ന് സമര്‍പ്പിക്കുന്ന വീഡിയോ പുറത്തു വന്നതാണ് വിവാദമായിരിക്കുന്നത്. ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തിയെന്ന ആരോപണങ്ങള്‍ക്കിടയില്‍ സംഭവം ഫിഫ അന്വേഷിക്കാനിരിക്കുകയാണ്.
വീഡിയോയില്‍ ഗ്ലോറി ടു ഉക്രൈന്‍ എന്ന് വിദ പറഞ്ഞിരുന്നു. ഉക്രെയ്‌നിലെ ആന്റി റഷ്യന്‍ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് ഇത്. മുന്‍പ് ഉക്രേനിയന്‍ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വര്‍ഷം കളിച്ചിരുന്ന താരം ഇതിന്റെ ഓര്‍മ പ്രകടിപ്പിക്കല്‍ കൂടിയായാണ് മുദ്രാവാക്യം വിളിച്ചത്.
ലോകകപ്പിനിടെ ഇത്തരം രാഷ്ട്രീയവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഫിഫ കര്‍ശനമായി താക്കീത് ചെയ്തിരുന്നു. അതേസമയം, ഫുട്‌ബോളില്‍ രാഷ്ട്രീയമില്ലെന്ന് വിളിച്ചുപറയാനാണ് താന്‍ ശ്രമിച്ചതെന്ന് താരം പറഞ്ഞു. ഞാന്‍ റഷ്യയെയും ഉക്രൈനെയും ഇഷ്ടപ്പെടുന്നെന്നും വിദ വ്യക്തമാക്കി.