ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അർജൻറീന ആരാധകരുടെ പ്രതീക്ഷകൾക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജൻറീന ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യപകുതിയിൽ അർജൻറീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയിൽ ഇരട്ട ഗോൾ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയൻ ആൽവാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പോയിൻറ് നിലയിൽ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാർട്ടറിലെത്തി.
സ്റ്റാർട്ടിംഗ് ഇലവനിൽ നാല് മാറ്റങ്ങളുമായാണ് അർജൻറീന കളത്തിറങ്ങിയത്. 4-3-3-ശൈലിയിൽ അർജൻറീന മൈതാനത്തുവന്നു. മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എൻസോ ഫെർണാണ്ടസ് സ്റ്റാർട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളിൽ നിറം മങ്ങിയ ലൗറ്റാരോ മാർട്ടിനെസിന് പകരം മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസ് സ്റ്റാർട്ടിംഗ് ഇലവനിലെത്തി. ക്രിസ്റ്റ്യൻ റൊമേറോ സെൻറർ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിർത്തിയപ്പോൾ നിക്കോളാസ് ഒട്ടമെൻഡിയും ടീമിൽ ഇടം നേടി. ലെഫ്റ്റ് ബാക്കായി മാർക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവൽ മൊളീനയുമെത്തി. പ്രതിരോധത്തിന് ഊന്നൽ നൽകുന്ന 4-4-1-1 ശൈലിയിലായിരുന്നു പോളണ്ട് ടീം. പ്രതിരോധ കരുത്ത് തന്നെയായിരുന്നു മത്സരത്തിൻറെ ആദ്യപകുതിയിലും കണ്ടത്.
അർജൻറീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ ഉയരക്കാരായ പോളിഷ് പ്രതിരോധം വിലങ്ങുതടിയായി. രണ്ടാം മിനുറ്റിൽ ലിയോണൽ മെസിയെടുത്ത കോർണർ പ്രതിരോധം മറികടക്കാൻ കഴിയാതെ പോയി. ഏഴാം മിനുറ്റിൽ മെസിയുടെ ഷോട്ട് ഗോളി സ്റ്റെൻസി അനായാസമായി പിടികൂടി. 11-ാം മിനുറ്റിൽ മെസിയുടെ മറ്റൊരു ഷോട്ട് കൂടി ഗോളിയിൽ അസ്തമിച്ചു. 17-ാം മിനുറ്റിൽ അക്യുനയുടെ ഷോട്ട് ബാറിന് മുകളിലൂടെ പാറി. 19-ാം മിനുറ്റിൽ അക്യുനയുടെ മറ്റൊരു ശ്രമം ഗോളി തടുത്തു. 22-ാം മിനുറ്റിൽ പോളണ്ടിന് ലഭിച്ച കോർണർ കിക്കും വലയുടെ പരിസരത്തേക്കേ വന്നില്ല. 28-ാം മിനുറ്റിൽ അക്യുനയുടെ മിന്നൽപ്പിണർ പോസ്റ്റിനെ ഉരുമി കടന്നുപോയി. 32-ാം മിനുറ്റിൽ ഡി മരിയയുടെ മഴവിൽ കോർണർ സ്റ്റെൻസി പറന്ന് തട്ടിയകറ്റിയത് ആകർഷകമായി.
36-ാം മിനുറ്റിൽ അൽവാരസിൻറെ മിന്നലും സ്റ്റെൻസി തട്ടിയകറ്റി. 38-ാം മിനുറ്റിൽ സ്റ്റെൻസി, മെസിയെ ഫൗൾ ചെയ്തെന്ന് കണ്ടെത്തി വാർ പെനാൽറ്റി അനുവദിച്ചു. സാക്ഷാൽ മിശിഹാ എടുത്ത പെനാൽറ്റി സ്റ്റെൻസിയുടെ മികവിന് മുന്നിൽ ഒന്നുമല്ലാണ്ടായി. പിന്നാലെയും അർജൻറീനൻ താരങ്ങൾ ആക്രമണങ്ങൾ നടത്തിയെങ്കിലും പോളിഷ് ഗോളിയെ മറികടക്കാൻ കഴിയാതെപോയി. ഇതോടെ ഇരു ടീമുകളും ഗോൾ നേടിയില്ല. ലിയോണൽ മെസിയുടെ പെനാൽറ്റി കിക്ക് തടുത്ത് ആദ്യപകുതിയിൽ പോളിഷ് ഗോളി സ്റ്റെൻസി താരമായി. ഇതടക്കം ഏഴ് സേവുകളാണ് സ്റ്റെൻസിയുടെ കൈകളിൽ നിന്ന് 45 മിനുറ്റുകളിലും മൂന്ന് മിനുറ്റ് അധികസമയത്തുമുണ്ടായത്. 66 ശതമാനം ബോൾ പൊസിഷൻ അർജൻറീനയെ മുതലാക്കാൻ സ്റ്റെൻസി അനുവദിച്ചില്ല.
രണ്ടാംപകുതി അർജൻറീന ആക്രമണത്തിലും ഫിനിഷിംഗിലും പിടിച്ചെടുത്തു. ആദ്യപകുതിയിലെ വീഴ്‌ചയ്ക്ക് പ്രായശ്ചിത്തം എന്നോളം 47-ാം മിനുറ്റിൽ അർജൻറീന ലീഡ് പിടിച്ചു. മാക് അലിസ്റ്ററാണ് വലകുലുക്കിയത്. തൊട്ടുപിന്നാലെ ഹെഡറിലൂടെ തുല്യത പിടിക്കാനുള്ള അവസരം പോളണ്ട് പാഴാക്കി. 58-ാം മിനുറ്റിൽ ഡി മരിയയെയും അക്യുനയേയും പിൻവലിച്ച് പരേഡസും ടാഗ്ലൈഫിക്കോയുമെത്തി. 60-ാം മിനുറ്റിൽ അലിസ്റ്ററുടെ ഷോട്ടിൽ സേവിലൂടെ സ്റ്റെൻസി തിരിച്ചെത്തി. എന്നാൽ 68-ാം മിനുറ്റിൽ എൽസോ ഫെർണാണ്ടസിൻറെ അസിസ്റ്റിൽ ജൂലിയൻ ആൽവാരസ് അർജൻറീനയുടെ ഗോൾനില രണ്ടാക്കി. പിന്നീട് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ അർജൻറീനക്കായില്ലെങ്കിലും ഇതിനകം പ്രീ ക്വാർട്ടർ ടീം ഉറപ്പിച്ചിരുന്നു. എയർ ബോളുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് മനസിലാക്കിയ അർജന്റീന രണ്ടാംപാതിയിൽ കുറിയ പാസുകളിലൂടെ വിടവ് കണ്ടെത്തിയാണ് ഇരു ഗോളും നേടിയത്.o