ലോകകപ്പില്‍ ഫേവറൈറ്റുകളായ രണ്ട് ടീമുകളെ തെര‍ഞ്ഞെടുത്ത് മെസി

ദോഹ: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഇതിനിടെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ട് ടീമിനെ പ്രവചിച്ചിരിക്കുകയാണ് അർജൻറീന നായകൻ ലിയോണൽ മെസി.കോപ അമേരിക്ക, ഫൈനലിസിമ കിരീടങ്ങൾ, തുടർച്ചയായി തോൽവി അറിയാത്ത 35 മത്സരങ്ങൾ. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപിക്കപ്പെടുന്ന ടീമാണ് അ‍ർജൻറീന.

എന്നാൽ ക്യാപ്റ്റൻ ലിയോണൽ മെസിക്ക് ഈ അഭിപ്രായമില്ല. പി എസ് ജിയിലെ സഹതാരങ്ങളായ നെയ്മറിൻറെ ബ്രസീലിനും കിലിയൻ എംബാപ്പാപ്പേയുടെ ഫ്രാൻസിനുമാണ് ഖത്തർ ലോകകപ്പിൽ മെസി ഏറ്റവും കൂടുതൽ കിരീട സാധ്യത പ്രവചിക്കുന്നത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയ്ൻ എന്നിവരും ശക്തരായ എതിരാളികളാണ്. എന്നാൽ കൂടുതൽ കിരീട സാധ്യതയുള്ള ബ്രസീലിനും ഫ്രാൻസിനുമാണ്.

മികച്ച താരനിരയാണ് രണ്ട് ടീമിലുമുള്ളത്. ദീർഘകാലമായി ഈ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ബ്രസീലിനെയും ഫ്രാൻസിനെയും അപകടകാരികളാക്കുന്നുവെന്നും മെസി പറയുന്നു. യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ഫ്രാൻസ് മികച്ച ടീമാണ്. ദീർഘകാലമായി ഒരു പരിശീലകന് കീഴിൽ തന്നെ കളിക്കുന്നതിൻറെ ഗുണവും അവർക്കുണ്ട്. ബ്രസീലും ഏതാണ്ട് അതുപോലെയാണെന്നും മെസി പറഞ്ഞു.

റഷ്യയിൽ നേടിയ കിരീടം നിലനിർത്താനാണ് ഫ്രാൻസ് ഖത്തറിലെത്തുന്നത്. ബ്രസീലാവട്ടെ ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടം സ്വന്തമാക്കാനും. ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ലോക ചാമ്പ്യൻമാരായത്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരാണ് ബ്രസീലിൻറെ എതിരാളികൾ. ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനൊപ്പമുള്ളത്.അർജൻറീന ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്‌സികോ, പോളണ്ട് എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പൊരുതുക.

Top