മുംബൈ: ഫിഫ റാങ്കിങ്ങില്‍ 331 പോയിന്റ് നേടി 100-ാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ.
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് ലിസ്റ്റിലാണ് രണ്ടു പതിറ്റാണ്ടിനിടെ നേടിയ ഏറ്റവും മികച്ച റാങ്കിങ് ഇന്ത്യ നിലനിര്‍ത്തിയത്. ഇന്ത്യക്കൊപ്പം കസാഖിസ്ഥാനും നിക്കരാഗ്വയും 100-ാം സ്ഥാനത്തുണ്ട്.
1996 ഫെബ്രുവരിയില്‍ നേടിയ 94-ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. 2019-ല്‍ നടക്കുന്ന എഎഫ്‌സി കപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ഈ മാസം ആറിന് ഇന്ത്യ നേപ്പാളിനെ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല.
ബ്രസീലാണ് റാങ്കിങ് പട്ടികയില്‍ ഒന്നാമത്. അര്‍ജന്റീന തൊട്ട് പിന്നിലും ജര്‍മനി മൂന്നാമതുമാണ്. ചിലിയും കൊളംബിയയുമാണ് ആദ്യ അഞ്ചില്‍പ്പെട്ട രാജ്യങ്ങള്‍.