ദോഹ: ഖത്തറിൽ വെച്ച് ഡിസംബറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി. ഖത്തറിലെ പ്രമുഖ പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ തന്നെ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ തുടക്കത്തില്‍ ഒരുക്കങ്ങളുടെ വേഗത അല്‍പം കുറഞ്ഞെങ്കിലും നേരത്തേ ആരംഭിച്ചതിനാല്‍ ആ വിടവ് നികത്താന്‍ സാധിച്ചു. സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കുന്നതിനായി മികച്ച ഗതാഗത സംവിധാനം, താമസ സൗകര്യങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയങ്ങളില്‍ മിക്കവയും പ്രവര്‍ത്തന സജ്ജമായി.