ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

ദോഹ: അടുത്ത വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക എംബ്ലം ആലേഖനം ചെയ്തതാണ് ആദ്യ സ്റ്റാമ്പ്. ഫിഫയുമായി സഹകരിച്ച് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്റല്‍ സര്‍വീസായ ഖത്തര്‍ പോസ്റ്റ് പുറത്തിറക്കുന്ന സ്റ്റാമ്പ് പരമ്പരയിലെ ആദ്യ സ്റ്റാമ്പാണ് പ്രകാശനം ചെയ്തത്. ഖത്തര്‍ ലോകകപ്പിന്റെ ആദ്യത്തെ ഔദ്യോഗിക ഉല്‍പ്പന്നം കൂടിയാണ് ഈ സ്റ്റാമ്പ്.

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ്  2022നുള്ള സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കുന്നതിന് ഖത്തര്‍ പോസ്റ്റുമായി ഫിഫ ലൈസന്‍സ് കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 2021 മുതല്‍ 2022 വരെ 11 സ്റ്റാമ്പ് ലക്കങ്ങള്‍ ഖത്തര്‍ പോസ്റ്റ് പ്രസിദ്ധീകരിക്കും. ഖത്തര്‍ ലോകകപ്പിന്റെ ചിഹ്നം ഉള്‍ക്കൊള്ളുന്ന ആദ്യ സ്റ്റാമ്പില്‍ നിന്ന് തന്നെ ഇതിനു തുടക്കം കുറിക്കുകുയം ചെയ്തു.

ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിന്റെ ഓരോ ഘട്ടവും ആഘോഷിക്കുകയും ഖത്തര്‍ ഫുട്‌ബോളിന്റെ സമ്പന്നമായ ചരിത്രം അവതരിപ്പിക്കുകയും ചെയ്യുന്ന സ്റ്റാമ്പുകളാണ് ഇതിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിഐപികള്‍, ലോകകപ്പിന്റെ ആദ്യ ദിവസത്തെ കാഴ്ചകള്‍, സ്മാരക സ്റ്റാമ്പ് സെറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ അത്യാകര്‍ഷകമായ സ്റ്റാമ്പുകളായിരിക്കും ഖത്തര്‍ പോസ്റ്റ് പുറത്തിറക്കുക.

Top