കാട്ടുപൂച്ച കടിച്ചെടുത്ത പതിനഞ്ച് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന് മേല്‍ക്കൂരയില്‍ നിന്ന് വീണ് ദാരുണാന്ത്യം

ലക്നൗ: അമ്മയുടെ അടുത്ത് നിന്നും കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് മേല്‍ക്കൂരയില്‍ നിന്ന് വീണ് ദാരുണാന്ത്യം. ഹസന്‍ – അസ്മ ദമ്പതികളുടെ പതിനഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഉസവാന്‍ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചുകൊണ്ട് ഓടിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പൂച്ചയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന പൂച്ചയുടെ വായില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അസ്മ അല്‍ഷിഫ, റിഹാന്‍ എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഗൌത്ര പാട്ടി ഭവുനി ഗ്രാമത്തിലായിരുന്നു ഇവരുടെ ജനനം. കുട്ടികളുണ്ടായ ശേഷം കാട്ടുപൂച്ചയെ സ്ഥിരമായി വീടിന്റെ പരിസരത്ത് കാണാറുണ്ടായിരുന്നുവെന്നും തുരത്തിയോടിക്കലായിരുന്നു പതിവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ കീട്ടുപൂച്ച റിഹാനെ കടിച്ചെടുത്ത് പോവുകയായിരുന്നു. അസ്മ ഒച്ചയിട്ടതോടെ വീട്ടുകാര്‍ പൂച്ചയ്ക്ക് പിന്നാലെ ചെന്നു ഇതോടെ മേല്‍ക്കൂരയിലേക്ക് കയറിയ പൂച്ചയുടെ വായില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീടുകയായിരുന്നു. കുഞ്ഞ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Top