പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് അറസ്റ്റില്‍

കാസര്‍കോട്: പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. നെല്ലിക്കുന്ന് സ്വദേശിയായ 40-കാരനെയാണ് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ സി.ഐ. ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട്ടു നിന്നാണ് പിടികൂടിയത്.

പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഹോസ്റ്റല്‍ അധികാരികള്‍ പെണ്‍കുട്ടിക്ക് വയറുവേദനയാണെന്ന് അമ്മയെ അറിയിച്ചു. ആസ്പത്രിയിലെ പരിശോധനയിലാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

ഗര്‍ഭം അലസിപ്പിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട്ട് തെരുവില്‍ അലഞ്ഞുനടക്കുന്നവരെ പാര്‍പ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കാസര്‍കോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍ പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും കാരണം പ്രതിയെ പൊലീസിന് പെട്ടെന്ന് പിടികൂടാനായില്ല. കോഴിക്കോട് ഹോട്ടലില്‍ ജോലി ചെയ്‌തെന്ന സൂചന ലഭിച്ചതോടെയാണ് പിടികൂടാനായത്.

 

Top