ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഇന്നലെ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. മൂന്ന് കുട്ടികളുടെതടക്കമാണ് കണ്ടെടുത്ത മൃതദേഹങ്ങള്‍. ഇതോടെ മരണസംഖ്യ 49 ആയി. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ തന്നെ അധികവും കുട്ടികളാണ്. വീടുകള്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍, പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.
കൊവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രതപാലിച്ചാണ് തെരച്ചില്‍ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവരും അങ്ങനെ തന്നെ.
ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ ചെക്‌പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്.
നൂറിലേറെ വരുന്ന പൊലീസും അഗ്‌നിശമന സേനാ ജീവനക്കാരും’ 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി.