വെള്ളിത്തിരയിലെ അമ്പതു വര്‍ഷങ്ങള്‍; ആഘോഷമാക്കാന്‍ സുഹൃത്തുക്കള്‍, 18 ന് സംഗമം

വെള്ളിത്തിരയില്‍ അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മല്ലിക സുകുമാരന്‍. 1974 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മല്ലിക സുകുമാരന്‍ അതേവര്‍ഷം തന്നെ സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം നേടിയിരുന്നു.

1974 ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തോടെയാണ് മല്ലിക സുകുമാരന്‍ സിനിമ അഭിനയം ആരംഭിക്കുന്നത്. നടന്‍ സുകുമാരനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഒരിടവേള എടുത്ത മല്ലിക സുകുമാരന്‍ പിന്നീട് രണ്ടായിരത്തിന്റെ തുടക്കത്തോടെ സീരിയലുകളിലും സജീവമായി. കെ കെ രാജീവിന്റെ പെയ്തൊഴിയാതെ എന്ന ടെലി സീരിയലിലാണ് മല്ലിക ആദ്യമായി ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നത്. ഗായികയായും മല്ലിക തിളങ്ങിയിരുന്നു.

മല്ലിക സുകുമാരന്റെ സിനിമയിലെ അമ്പതാം വര്‍ഷം ഫ്രണ്ട്സ് ആന്‍ഡ് ഫോസ്’ എന്ന വാട്സാപ് കൂട്ടായ്മ ഫെബ്രുവരി 18 -ാം തിയ്യതി തിരുവനന്തപുരത്ത് വെച്ച് നടത്തും. മല്ലികാ വസന്തം @ 50 എന്ന പേരില്‍ നടക്കുന്ന ചടങ്ങ് 18 ന് ഉച്ചയ്ക്ക് 3.30 ന് തമ്പാനൂരിലുള്ള ഡിമോറ ഹോട്ടലില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ വ്യവസായ മന്ത്രി പി രാജീവാണ് ഉദ്ഘാടനം ചെയുന്നത്.

ചടങ്ങില്‍ മല്ലിക സുകുമാരനെ നടന്‍ സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉപഹാരം സമര്‍പ്പിക്കും. പന്ന്യന്‍ രവീന്ദ്രന്‍ ആണ് ചടങ്ങിലെ മുഖ്യാതിഥി. ഡോ എം വി പിള്ള, ബിജു പ്രഭാകര്‍, ഇന്ദ്രന്‍സ്, മണിയന്‍ പിള്ള രാജു, എം ജയചന്ദ്രന്‍, ജി സുരേഷ് കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാജി കൈലാസ്, മേനക, ഗായകരായ സുദീപ് കുമാര്‍, രാജലക്ഷ്മി, മജീഷ്യന്‍ സാമ്രാജ്, നന്ദു, ആനി, നിരഞ്ജന്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും.

Top