മലപ്പുറം: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമില്ലാതെ സൗഹൃദമത്സരമായ നിലമ്പൂരില്‍ തെരഞ്ഞെടുപ്പിന് ശേഷം പി.വി അന്‍വറും വി.വി പ്രകാശും തുറന്ന പോരിലേക്ക്. 2016ലെ തെരഞ്ഞെടുപ്പില്‍ തന്നെ നിലമ്പൂരില്‍ വിജയിപ്പിക്കാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചയാളാണ് വി.വി പ്രകാശെന്ന് പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.
ബി.ജെ.പിയുമായി പ്രകാശ് വോട്ടുകച്ചവടം നടത്തിയെന്ന അന്‍വറിന്റെ ആരോപണത്തോട് പ്രകാശ് നല്‍കിയ മറുപടിക്ക് പകരമായാണ് അന്‍വര്‍ കോണ്‍ഗ്രസില്‍ കലാപത്തിനിടയാക്കുന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. നിലമ്പൂരില്‍ ഇത്തവണ അന്‍വറിനെതിരായ വിവാദങ്ങളൊന്നും പരാമര്‍ശിക്കാതെ സൗഹാര്‍ദ്ദ മത്സരമായിരുന്നു നടന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇത് 2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയതടക്കമുള്ള കാരണങ്ങള്‍ ചികഞ്ഞുള്ള വാക്പോരിലേക്കാണ് വഴിമാറുന്നത്.
അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇലക്ഷന്‍ സമയത്ത് തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തെ കുറിച്ച് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഗ്ഗീയവാദികളുടെയും ഒരു വോട്ടും എനിക്ക് വേണ്ട എന്നും ഇങ്ങനെ പറയാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തയ്യാറുണ്ടോ എന്നും വെല്ലുവിളിച്ചിരുന്നു. ഈ വോട്ടുകച്ചവടത്തെ കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാവും പിന്നീട് വ്യക്തമാക്കിയിട്ടുമുണ്ട്.
അന്നൊന്നും വായ തുറക്കാതിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കച്ചവടം കഴിഞ്ഞ ശേഷം ഇന്ന് വായ തുറന്നിട്ടുണ്ട്.
സന്തോഷം..
പിന്നെ എനിക്ക് പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനെ കുറിച്ച് അദ്ദേഹം ക്ലാസെടുക്കുന്നതായി കണ്ടു..
അതേ,സുഹൃത്തേ..ഇക്കാര്യത്തില്‍’കമാന്ന് ഒരക്ഷരം മിണ്ടാന്‍ അര്‍ഹതയില്ലാത്ത ആളാണ് നിങ്ങള്‍’എന്ന് ഞാന്‍ പറയും..
അതിനായി എനിക്ക് മൂന്ന്-നാല് ദിവസം എടുത്ത് ഉപന്യാസം ഒന്നും എഴുതേണ്ട കാര്യമില്ല..
2016,ഒന്ന് ഓര്‍മ്മിപ്പിച്ചാല്‍ മാത്രം മതി..
കൂടുതല്‍ വിശദീകരിക്കുന്നില്ല..
‘അന്ന് എന്നേക്കാള്‍,എന്നെ വിജയിപ്പിക്കാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കുകയും ചെയ്ത ആളെന്ന നിലയില്‍ കൂടുതല്‍ വിശദമാക്കാതെ ഇവിടെ നിര്‍ത്തുന്നു…’
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഭാഗമായി ഒത്തുതീര്‍പ്പ് ഫോര്‍മുലയായി നല്‍കിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് മാറ്റിയതോടെ കഴിഞ്ഞ തവണ കാലുവാരി തോല്‍പ്പിച്ചടതക്കം പരാമര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വാക്പോരുകള്‍ക്ക് തുടക്കമിട്ടത്. പദവികളുടെ പടിവാതിലടച്ച് പുറത്തുനിര്‍ത്തിയാലും മതാത്മക രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടിലിഴയാനില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷൗക്കത്ത് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കാലുവാരി പരാജയപ്പെടുത്തിയതടക്കം ധ്വനിപ്പിക്കുന്നതായിരുന്നു ഇത്.
ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
” പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടിവാതിലടച്ച് പുറത്തുനിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതരമൂല്യങ്ങള്‍ പണയംവെച്ച് മതാത്മകരാഷ്ട്രീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക ഇനിയും ഒരുപാട് തോറ്റാലും ശരി നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്”.
ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തികാട്ടി നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പി നേതൃത്വവുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണം പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതൃത്വവും രണ്ട് തവണ നേരിട്ട് ചര്‍ച്ചയും നടത്തിയിരുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് അന്‍വര്‍ നടത്തിയത്.
ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതിരുന്ന വി. വിപ്രകാശ് ഇന്നലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണങ്ങള്‍ നിഷേധിച്ച് അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതോടെ 2016ല്‍ തന്നെ വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പണിയെടുത്തയാളെന്ന് പ്രകാശിനെ വിശേഷിപ്പിക്കുകയായിരുന്നു അന്‍വര്‍. 34 വര്‍ഷം ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍ 2016ലെ തെരഞ്ഞെടുപ്പിലാണ് അന്‍വര്‍ അട്ടിമറി വിജയം നേടുന്നത്. കഴിഞ്ഞ തവണ നിലമ്പൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട വി.വി പ്രകാശ് ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. പ്രകാശിന് നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കുകയും ആര്യാടനെതിരെ തെറിവിളിയുമായി പ്രകടനം നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചതോടെയാണ് പ്രകാശ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തത്.
പ്രകാശിന് സീറ്റ് നിഷേധിച്ചതുകൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്നാണ് അന്ന് പി.വി അന്‍വര്‍ അവകാശപ്പെട്ടത്. പ്രകാശാണ് മത്സരിക്കുന്നതെങ്കില്‍ താന്‍ മത്സരരംഗത്ത് നിന്നും പിന്‍മാറുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് അതേ അന്‍വര്‍ പ്രകാശ് പോരാട്ടത്തിനാണ് നിലമ്പൂരില്‍ കളമൊരുങ്ങിയത്. കഴിഞ്ഞ തവണ പ്രകാശ് തന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്നും വിട്ടുനിന്ന് പ്രതിഷേധം അറിയിച്ചപ്പോള്‍ ഇത്തവണ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് നിലപാടറിയിക്കുകയായിരുന്നു ഷൗക്കത്ത്. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചന്തക്കുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് കഴിഞ്ഞ തവണ കാലുവാരി തോല്‍പ്പിച്ചവരോട് കാലുവാരലും പിന്നില്‍ നിന്നു കുത്തലുമല്ല തന്റെ പാരമ്പര്യവും ജനിതകഘടനയുമെന്ന് വ്യക്തമാക്കി പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയാനുള്ള ആര്‍ജ്ജവമുണ്ടെന്ന് ആഞ്ഞടിച്ചത്.
കഴിഞ്ഞ തവണത്തെ തോല്‍വി ഒരു കൈപ്പിഴയാണെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ആ കൈപ്പിഴക്ക് 11000 വോട്ടിന്റെ വിലയുണ്ടായിരുന്നു. കാലുവാരലും പിന്നില്‍ നിന്നു കുത്തലും എന്റെ വഴിയല്ലെന്നും ആ പാരമ്പര്യമില്ലെന്നും വ്യക്തമാക്കിയാണ് ഷൗക്കത്ത് വി.വി പ്രകാശിനെ വിജയിപ്പിക്കാന്‍ വോട്ടു ചോദിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതിന് വധശ്രമക്കേസിലടക്കം പ്രതിയാക്കി വേട്ടയാടി. അന്‍വറിന്റെ കാറിന്റെ ടയര്‍ പഞ്ചറായാല്‍ പോലും അതിനു പിന്നില്‍ ആര്യാടന്‍മാരാണെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. അന്‍വറിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണ പോലും വേണ്ടത്രയുണ്ടായിരുന്നില്ല. എന്നിട്ടും അന്‍വറിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. അതിന്റെ പ്രതികാരമാണ് തനിക്കുനേരെയുണ്ടായിരുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
ഇത്തവണ നിലമ്പൂര്‍ സീറ്റ് വി.വി പ്രകാശിന് നല്‍കുകയാണെന്നും പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. നേതൃത്വത്തെ അംഗീകരിക്കുമെന്നും ഒരു സ്ഥാനവും ലഭിച്ചില്ലെങ്കിലും സാധാരണ പ്രവര്‍ത്തകനായി മരണം വരെ കോണ്‍ഗ്രസിലുണ്ടാകുമെന്നുമായിരുന്നു ഷൗക്കത്തിന്റെ വികാരപരമായ പ്രസംഗം.നിലമ്പൂരില്‍ ഷൗക്കത്ത് പരാജയപ്പെട്ടപ്പോല്‍ അദ്ദേഹം ആര്‍ക്കുമെതിരെ നേതൃത്വത്തിനു മുന്നില്‍ പരാതി ഉയര്‍ത്തിയിരുന്നില്ല. വി.വി പ്രകാശ് പിന്നീട് മലപ്പുറം ഡി.സി.സി പ്രസിഡന്റാവുകയായിരുന്നു. കാലുവാരല്‍ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചവര്‍ക്ക് ഡി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനമടക്കം ലഭിച്ചു.
നിലമ്പൂര്‍ സീറ്റിന് പകരം ആര്യാടന്‍ ഷൗക്കത്തിന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനമാണ് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തത്. എന്നാല്‍ മുസ്ലിം ലീഗിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നീണ്ടുപോയി. ഒടുവില്‍ എ.കെ ആന്റണി ഇടപെട്ടതോടെയാണ് രാഹുല്‍ഗാന്ധിയുടെ കേരളപര്യടനത്തിന് മുമ്പ് ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. എന്നാല്‍ 20 ദിവസത്തിനകം തെരഞ്ഞെടുപ്പ് ഫലംവരുന്നതുപോലും കാത്തുനില്‍ക്കാതെ ഷൗക്കത്തിനെ മാറ്റി പ്രകാശ് വീണ്ടും ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ഇതോടെയാണ് പദവികളുടെ പടിവാതിലടച്ച് പുറത്തുനിര്‍ത്തിയാലും മതാത്മക രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടിലിഴയാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ തവണ കാലുവാരി തോല്‍പ്പിച്ചതടക്കം പരാമര്‍ശിച്ചുകൊണ്ട് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.