മനുഷ്യക്കടത്തിനെതിരെ ശബ്ദം ഉയർത്തിയ ഇന്ത്യൻ വംശജയ്ക്ക് അവാർഡ്

ഹോസ്റ്റൻ: മനുഷ്യക്കടത്തിന് എതിരെ പ്രതിഷേധിക്കുകയും ആളുകളുടെ അവകാശത്തെ സംരക്ഷിക്കുകയും ചെയ്ത ഇന്ത്യൻ-അമേരിക്കൻ വംശജയായ സ്ത്രീക്ക് അവാർഡ്. വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് അവാർഡ് നൽകിയത്.

ഹ്യൂമൻ ട്രാഫിക്കിംഗിലെ പ്രത്യേക ഉപദേശകയായ മിനാൽ പട്ടേൽ ഡേവിസ് എന്ന യുവതിക്കാണ് ഈ ബഹുമതി ലഭിച്ചത്. ഹോസ്റ്റണിലെ മനുഷ്യക്കടത്തലിന് എതിരെ പ്രവർത്തിക്കുകയും, വിലമതിച്ച സംഭാവനകൾ നൽകുകയും ചെയ്തതിനാണ്‌ മിനാലിന് അവാർഡ് ലഭിച്ചത്. യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ സാനിധ്യത്തിൽ കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങിലാണ് മനുഷ്യക്കടത്തലിന് എതിരെ പ്രവർത്തിച്ചതിനുള്ള പ്രസിഡന്റ്റിന്റെ മെഡൽ ലഭിച്ചത്.

“ഇത് അവിശ്വസനീയമായിരുന്നു. എന്റെ മാതാപിതാക്കൾ ഇതിനായി ഇന്ത്യയിൽ നിന്ന് എത്തി. യു. എസിൽ ജനിക്കുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെ വ്യക്തി ഞാനാണ്. മേയറിന്റെ ഓഫീസിൽ ജോലി ലഭിക്കാനും അവസാനം വൈറ്റ് ഹൗസിൽ നിന്ന് ഇത്തരം ഒരു ബഹുമതി ലഭിക്കാനും സാധിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” മിനാൽ രേഖപ്പെടുത്തി.

2015 ജൂലൈയിലാണ് മിനാലിനെ ഈ സ്ഥാനത്തെക്ക് നിയമിക്കുന്നത്. മനുഷ്യക്കടത്തൽ വിഷയത്തിൽ പ്രാദേശികമായ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ മിനാലിന് കഴിഞ്ഞിട്ടുണ്ട്. മേയർ ടർണറുടെ ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് സ്ട്രാറ്റജിക് പ്ലാൻ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് മിനാൽ ഇപ്പോൾ. യുഎസ് നഗരത്തിലെ മനുഷ്യക്കടത്തിന് എതിരെയുള്ള ആദ്യ സമഗ്ര പരിപാടിയാണ് ഇത്. ഇവർ ഐക്യരാഷ്ട്രസഭയുടെ ലോക ഹ്യുമാനിറ്റേറിയൻ സമ്മിറ്റിൽ മുൻ സ്പീക്കർ ആയിരുന്നു.

Top