തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വ്യാജ വീഡിയോ എരിതീയിൽ എണ്ണയൊഴിക്കലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി സർക്കാരിനെ ഭരിക്കാൻ അനുവദിക്കാത്ത സ്ഥിതി യുഡിഎഫും ബിജെപിയും ചേർന്നു സൃഷ്ടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തുന്നതെന്ന പേരിൽ കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നത്.
സിപിഎം കണ്ണൂരിൽ സമാധാനം പുലരുന്നതിനാണ് നിലകൊള്ളുന്നത്. പക്ഷേ, കൊലപാതകത്തിനുശേഷം കുമ്മനം ഫേസ്ബുക്കിൽ വ്യാജവീഡിയോ പോസ്റ്റ് ചെയ്തത് എരിതീയിൽ എണ്ണയൊഴിക്കലായിരുന്നു. ഇതിന്റെ പേരിൽ കുമ്മനത്തിനെതിരേ കേസെടുക്കണം. കൊലപാതകത്തിനു പിന്നിൽ സിപിഎം ആസൂത്രണമോ പങ്കാളിത്തമോ ഇല്ല. സിപിഎമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ദൗർഭാഗ്യകരമായ സംഭവത്തെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെതിരേ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുകയാണ് എന്നും കോടിയേരി ആരോപിച്ചു.
കണ്ണൂരിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് പോലീസിനെ നിർവീര്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരത്തിൽ പോലീസുകാർക്കെതിരേ ആക്രമണം നടത്തുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും കോടിയേരി മുന്നറിയപ്പു നൽകി.