കൊച്ചി: സിനിമാരംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസ് നീക്കം.
ഷൂട്ടിംങ്ങ് സ്ഥലങ്ങളിലും മറ്റും ഉപയോഗിക്കുന്ന യൂണിറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റ് അസിസ്റ്റന്റ്മാര്‍, സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നവര്‍ എന്നിവരുടെ പശ്ചാത്തലമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.
സിനിമാരംഗത്ത് താരങ്ങള്‍ക്കുള്‍പ്പെടെ ക്വട്ടേഷന്‍ ബന്ധമുണ്ടോ എന്നതിനെ കുറിച്ചം അന്വേഷിക്കുന്നുണ്ട്. നടിക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ക്കശമാക്കുന്നത്.
സിനിമാരംഗത്തെയും സീരിയല്‍ രംഗത്തേയും പ്രൊഡ്യൂസര്‍മാര്‍, സംവിധായകര്‍ തുടങ്ങിയവരുടെയും വിവിധ സാങ്കേതിക വിദഗ്ദരുടെ സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്ത് പ്രത്യേകമാനദണ്ഡം കൊണ്ട് വരും. ഡ്രൈവറായി നിയോഗിക്കുന്നതിന് മുന്‍പ് വ്യക്തമായി പശ്ചാത്തലം പരിശോധിച്ചിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കും.
നിരവധി കോള്‍ ഡ്രൈവേഴ്‌സ് സ്ഥാപനങ്ങളുള്ള കൊച്ചിയില്‍ പരിശോധന ശക്തമാക്കും. അനധികൃതമായി ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
സ്വന്തം വാഹനങ്ങള്‍ ഉള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കോള്‍ ഡ്രൈവേഴ്‌സിനെ വിളിച്ച് ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുന്നത് പതിവായ കൊച്ചിയില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍ തന്നെ വരും ദിവസങ്ങളില്‍ നടപ്പാക്കാനാണ് നീക്കം.
പൊലീസ് ക്ലിയറന്‍സില്ലാത്ത ഒരാളെയും ഡ്രൈവറായി തുടരാന്‍ അനുവദിക്കില്ല. നാഷണല്‍ ഹൈവേയില്‍ പൊലീസ് നിരീക്ഷണം കാര്യക്ഷമമാക്കും.
സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക പദ്ധതികള്‍ തന്നെ ഉടന്‍ പ്രഖ്യാപിക്കും. ഗുണ്ടകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്.
നടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സംഭവത്തില്‍ ഉള്‍പ്പെട്ടെ മൂന്ന് പേരെ പെട്ടന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായിട്ടുണ്ട്. പ്രധാന പ്രതി പള്‍സര്‍ സുനിയെ ഉടന്‍ തന്നെ പിടികൂടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.