ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്നും നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രതിഷേധം സര്‍ക്കാര്‍ തള്ളിക്കളയണം.
ഇത് ഭീഷണിയാണ്. പിണറായി സര്‍ക്കാര്‍ ഇതിന് വകവച്ച് കൊടുക്കരുത്. മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുപ്പിക്കരുത് എന്നു പറയുന്ന സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്ന വാദങ്ങള്‍ സാമാന്യയുക്തിക്ക് തന്നെ നിരക്കാത്തതാണ്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആരെ പങ്കെടുപ്പിക്കണം, വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് പ്രതിഷേധക്കാരാവരുത്. ഇപ്പോള്‍ ഇതിനെ വകവെച്ച് കൊടുത്താല്‍ നാളെയും ആവര്‍ത്തിക്കും. സിപിഎം സംസ്ഥാന കമ്മറ്റി എടുത്ത തീരുമാനം മുഖ്യമന്ത്രിയോ മന്ത്രിമാരോ പുറത്ത് പറഞ്ഞാല്‍ അത് ഇക്കൂട്ടര്‍ക്ക് ‘ഹിതകരമല്ലെങ്കില്‍’ ബഹിഷ്‌ക്കരിച്ച്കളയും ഇവര്‍ !
അമ്മ എന്ന താരസംഘടനയില്‍ നിന്നും രാജിവച്ചവര്‍ ആള് കാണാത്ത സിനിമ സൃഷ്ടിക്കുന്നവരെ മുന്‍ നിര്‍ത്തി നടത്തുന്ന ഈ പ്രതിഷേധം ‘ഹിഡന്‍ അജണ്ട’ മുന്‍ നിര്‍ത്തിയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ സ്വന്തം സംഘടനയില്‍ നിന്നും പുറത്താക്കിയത് സംഘടനാപരമായി സ്വീകരിച്ച തെറ്റായ നടപടി ആണെന്ന് കണ്ട് അത് പിന്‍വലിച്ചത് ‘അമ്മ’ ഐക്യകണ്‌ഠേനയാണ്.
ഒരു സംഘടന എന്ന രൂപത്തില്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എതിര്‍പ്പ് സംഘടനയില്‍ പറയാതെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് അറിയിക്കുന്ന ഡബ്ല്യൂ.സി.സിയാണ് ഇവിടെ സംഘടനക്ക് നിരക്കാത്ത പണി ചെയ്തത്.
ജനറല്‍ബോഡി യോഗത്തില്‍ ചെന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മൃഗീയ ഭൂരിപക്ഷത്തിന് അത് വോട്ടിനിട്ട് തള്ളിയാല്‍ നാണക്കേടാകും എന്ന് ഓര്‍ത്താണോ, അതോ ഫേയ്‌സ് ബുക്ക് പ്രതിഷേധം ലൈവായി യോഗത്തില്‍ പറഞ്ഞാല്‍ ചുട്ട മറുപടി കിട്ടും എന്നതിനാലാണോ യോഗത്തില്‍ നിന്നും മുങ്ങിയതെന്നതും മാത്രമാണ് ഇനിയും അറിയാനുള്ളത്.
സ്ത്രീകള്‍ ബഹുഭൂരിപക്ഷമുള്ള സംഘടന ഒറ്റക്കെട്ടായി എടുത്ത തീരുമാനം പ്രഖ്യാപിച്ച മോഹന്‍ലാല്‍ എങ്ങനെ സ്ത്രീ വിരുദ്ധനാകും ?
സ്വയം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനങ്ങള്‍ എടുക്കാനും താര സംഘടനക്ക് അധികാരമില്ലേ ? കോടതിയുടെ അന്തിമ വിധി വരും വരെ തങ്ങളുടെ സഹപ്രവര്‍ത്തകനെ കുറ്റാരോപിതന്‍ മാത്രമായി കാണാന്‍ ആ സംഘടനയിലെ അംഗങ്ങള്‍ക്ക് ആരുടെ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് ?
കോടതി വിധി വരും വരെ കാത്തിരിക്കാന്‍ എന്താണ് ദിലീപ് പ്രതിയായ കേസില്‍ മാത്രം ഒരു വിഭാഗത്തിനു മടി ?
നമ്പി നാരായണനെ പോലെ ലോകം അറിയുന്ന ശാസ്ത്രജ്ഞനെ ചാരനാക്കി വേട്ടയാടിയ കേരളമാണിതെന്ന് ഓര്‍ത്തിട്ടു വേണം മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കാന്‍.
ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അയാള്‍ക്കു കിട്ടട്ടെ, അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ അതിനു അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്.
‘കാള പെറ്റു എന്ന് കേട്ടമാത്രയില്‍ കയറെടുക്കാന്‍’ ഓടിയ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ‘വിചാരണയിലൂടെ’ ചാനലുകളില്‍ സ്‌പെയിസ് കിട്ടിയവര്‍ അത് വീണ്ടും ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.
പക്ഷേ, അത് നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്തായതിനാല്‍ പ്രതിഷേധക്കാരുടെ ഉദ്ദേശ ശുദ്ധിയും സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.
മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ ജൂറി അംഗം ഉള്‍പ്പെടെ ഉള്ള ചിലര്‍ മാറി നില്‍ക്കുമെന്നാണ് പറയുന്നത്. ഇതൊരു വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണേണ്ടത്. സര്‍ക്കാര്‍ നിയോഗിച്ച ജൂറി അംഗം സര്‍ക്കാര്‍ ക്ഷണിച്ച വ്യക്തിയെ തന്നെ അപമാനിക്കുന്നത് ശരിയായ നടപടിയല്ല.
ചടങ്ങിന് ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍ താരം തന്നെ വേണമെന്ന മന്ത്രിയുടെ നിലപാട് ശരിയല്ലന്നും ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ഈ ജൂറി അംഗം പ്രതികരിച്ചിരുന്നു. ഇത്തരക്കാരെ മേലില്‍ ഒരു അവാര്‍ഡ് സമിതിയിലും ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. വിജയിച്ച ഒരു സിനിമയുടെ ചരിത്രം ഇവര്‍ക്കാര്‍ക്കും പറയാനുണ്ടാകില്ല.
മോഹന്‍ലാല്‍ എന്ന നടനെ കേവലം ഒരു താര സംഘടനയുടെ അദ്ധ്യക്ഷനായി ചുരുക്കി കാണാന്‍ ശ്രമിക്കരുത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന താരമാണ് ലാല്‍. അതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ അവാര്‍ഡുദാന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതും.
കേവലം 107 പേര്‍ ഒപ്പിട്ട നിവേദനം കൊണ്ട് ‘അളക്കാന്‍’ പറ്റിയ ആളല്ല മോഹന്‍ലാല്‍ എന്ന തിരിച്ചറിവ് ഈ ബുദ്ധിജീവികള്‍ക്ക് നഷ്ടമായിട്ടുണ്ടെങ്കിലും സാംസ്‌ക്കാരിക കേരളത്തിന് നഷ്ടമായിട്ടില്ല എന്ന് കൂടി ഓര്‍ക്കുക.
Team express kerala