താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്, മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ വിവാദം കത്തിനില്‍ക്കെ ഇന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം.

യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നു ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍ ഭാരവാഹികള്‍ക്കു കത്തു നല്‍കി. വേറെ പ്രമുഖ താരങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

ബുധനാഴ്ച ചേര്‍ന്ന അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ രമ്യ നമ്പീശന്‍, മുകേഷ്, പൃഥ്വിരാജ് എന്നീ താരങ്ങള്‍ പങ്കെടുത്തില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം അമ്മ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റുമാരായ കെ.ബി. ഗണേഷ്‌കുമാര്‍, മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, സെക്രട്ടറി ഇടവേള ബാബു, മണിയന്‍ പിള്ള രാജു, നിവിന്‍ പോളി, സിദിഖ്, കുക്കു പരമേശ്വരന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.

Top