കൊച്ചി: ദിലീപിന്റെ ടു കണ്‍ട്രീസും ധ്യാന്‍ ശ്രീനിവാസനും സംഘവും ആടി തകര്‍ത്ത ‘ അടി കപ്യാരേ കൂട്ടമണി’യും വന്‍ വിജയത്തിലേക്ക്.
മദ്യാസക്തിക്ക് അടിമപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വന്ന യുവാവിന്റെ ജീവിതാനുഭവങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് 2 കണ്‍ട്രീസിലൂടെ സംവിധായകന്‍ ഷാഫി പറയുന്നത്.
അടുത്ത കാലത്തിറങ്ങിയ പടങ്ങളില്‍ ദിലീപ് നല്‍കിയ നിരാശകളെ മറികടന്ന് വലിയ ഒരു വിജയ പ്രതീക്ഷയാണ് 2 കണ്‍ട്രീസ് നല്‍കുന്നത്. സിനിമ സൂപ്പര്‍ ഹിറ്റാവുമെന്നാണ് തിയറ്റുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്ന മംമ്തയും ശക്തമായ തിരിച്ചുവരവാണ് ടു കണ്‍ട്രീസിലൂടെ നടത്തിയിരിക്കുന്നത്. കാനഡയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
സാന്ദ്രാ തോമസ്- വിജയ് ബാബു കൂട്ടുകെട്ടിന്റെ നിര്‍മ്മാണത്തില്‍ ജോണ്‍ വര്‍ഗ്ഗീസ് അണിയിച്ചൊരുക്കിയ ‘ അടി കപ്യാരെ കൂട്ടമണി’യും തകര്‍പ്പന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. പൊട്ടിച്ചിരിയുടെ കൂട്ടമണിയടിച്ചാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍,നമിത പ്രമോദ്, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് തുടങ്ങിയവര്‍ തുടക്കം മുതല്‍ സിനിമ അവസാനിക്കുന്നത് വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.
ഒരു മെന്‍സ് ഹോസ്റ്റലില്‍ പ്രത്യേക സാഹചര്യത്തില്‍ നായിക കടന്ന് വരികയും പിന്നീട് പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിപ്പോവുകയും ചെയ്യുന്നതാണ് കഥ. നായികയെ പുറത്തിറക്കാന്‍ നാലംഗ സംഘം നടത്തുന്ന പരിശ്രമങ്ങളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.
ഹോസ്റ്റല്‍ വാര്‍ഡനായി അഭിനയിക്കുന്ന മുകേഷും അനുചരനായി അഭിനയിക്കുന്ന ബിജുക്കുട്ടനുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് 2 കണ്‍ട്രീസിലെ ദിലീപിന്റേയും ‘അടി കപ്യാരെ കൂട്ടമണി’യിലെ യുവതാരങ്ങളുടെയും പ്രകടനം എന്ന് നിസംശയം പറയാം.