തിരുവനന്തപുരം: സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാന്‍ ഉത്തരവ്. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദ നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സെപ്റ്റംബര്‍ ഒന്നു മുതലാണ് ഉത്തരവ് നിലവില്‍ വരിക.
ഇ-ടിക്കറ്റിംഗ് നിലവില്‍ വരുന്നത് വരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒടുക്കണം.
ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോറിറ്റീസ് എന്റര്‍ടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല.
സിനിമാടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് ഇരുപത്തെട്ടില്‍നിന്ന് പതിനെട്ടിലേക്ക് കുറച്ച സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേല്‍ വിനോദനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള വ്യവസ്ഥകള്‍ 2019ലെ കേരള ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.