‘ബിലാല്‍ ജോണ്‍ കുരിശിങ്കല്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ മലയാളത്തിലെ ഐക്കോണിക് സിനിമകളിൽ ഒന്നാണ് അമൽ നീരദ് ഒരുക്കിയ ‘ബിഗ് ബി’. നാൾക്ക് നാൾ ആരാധകർ കൂടി വരുന്ന സിനിമ വർഷങ്ങൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്നുണ്ട്. ബിലാല്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രവുമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോദിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് ‘ബിഗ് ബി’യിൽ അണിനിരന്നത്. 2007ലാണ് സിനിമ റിലീസ് ചെയ്‍തത്. അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ‘ഭീഷ്‍മ പര്‍വം’ വൻ ഹിറ്റായിരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരുന്നു ‘ഭീഷ്‍മ പര്‍വം’.
നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നടി ജ്യോതിക വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.