ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം പൂർത്തിയായി; സംവിധായകനും നടിയും തിരിച്ചെത്തി

ഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണത്തിനു പോയ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ദൗത്യത്തിനു ശേഷമാണ് മൂവര്‍ സംഘം ഭൂമിയില്‍ ലാന്‍ഡ് ചെയ്തത്. ‘ചലഞ്ച്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെങ്കോയും ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തിലാണ് യൂലിയ പെരെസില്‍ഡ്, സംവിധായകന്‍ ക്ലിം ഷിപെങ്കോ (38), ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാന്‍ഡറുമായ ആന്റണ്‍ ഷ്‌കാപെലെറോവ് എന്നിവരടങ്ങിയ മൂവര്‍ സംഘം തിരിച്ചെത്തിയത്.

ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചാലഞ്ച്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുമ്പോള്‍ ചികിത്സിക്കാനെത്തുന്ന ഡോക്ടര്‍ ഷെന്യ എന്ന കാര്‍ഡിയാക് സര്‍ജന്റെ റോളാണ് യൂലിയ ചെയ്യുന്നത്. ബഹിരാകാശത്തു നടത്തുന്ന കാര്‍ഡിയാക് സര്‍ജറി എന്നതാണു ചിത്രത്തിന്റെ പ്രമേയം.

എസ്റ്റോണിയന്‍ വേരുകളുള്ള 37 കാരിയായ യൂലിയ 2006 മുതല്‍ സിനിമാ/ തിയറ്റര്‍ അഭിനയരംഗത്തുണ്ട്. ഫോഗ് (2012), ബാറ്റില്‍ ഫോര്‍ സെവാസ്റ്റോപോല്‍ (2015) തുടങ്ങിയവയാണ് ഇവരുടെ ശ്രദ്ധേയചിത്രങ്ങള്‍. അപേക്ഷ ക്ഷണിച്ച് ഓഡിഷന്‍ നടത്തി തയാറാക്കിയ 20 പേരുടെ പട്ടികയില്‍നിന്നാണു യൂലിയയെ ചാലഞ്ചിലേക്ക് സംവിധായകന്‍ ഷിപെങ്കോ തിരഞ്ഞെടുത്തത്. നിലയത്തിലെ റഷ്യന്‍ കോസ്‌മോനോട്ടുകളായ ഒലിഗ് നോവിറ്റ്‌സ്‌കിയും പ്യോട്ര്‍ ഡുബ്രോവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

റഷ്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ ചാനല്‍ വണ്ണാണ് സിനിമയുടെ നിര്‍മാണം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ സ്‌പേസ് ഷൂട്ടിങ് നടന്നതെന്ന് അണിയറക്കാര്‍ പറയുന്നത്. റോസ്‌കോമോസിനുള്ളില്‍നിന്നും റഷ്യന്‍ മാധ്യമങ്ങളില്‍നിന്നും വന്‍വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നിരുന്നു.

 

Top