ചിത്രീകരണം നിര്‍ത്തുന്നു; തെലുങ്ക് സിനിമയിലും പ്രതിസന്ധി

കോവിഡ് കാലത്തിന് ശേഷം വരുമാനം ഇടിഞ്ഞതിനാല്‍ തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാണം നിര്‍ത്താനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ബോളിവുഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ തെലുങ്ക് സിനിമാ മേഖലയിലും പ്രതിസന്ധി ഇപ്പോൾ രൂക്ഷമാണ്. കോവിഡ് ദോഷകരമായി ബാധിച്ച വരുമാനം കുറഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. സിനിമാ വ്യവസായം കരകയറി വരുന്നതേ ഉള്ളൂ. പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നത് വരെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുന്നുവെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് സൂചന. ഇതോടെ ഓഗസ്റ്റ് 1 മുതല്‍ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് എന്ന സംഘടന വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Top