വകുപ്പുകളില്‍ തീരുമാനമായി; ഗണേഷ്കുമാറിന് ഗതാഗതം മാത്രം, കടന്നപ്പള്ളിക്ക് തുറമുഖമില്ല

തിരുവനന്തപുരം : രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെബി ഗണേഷ്കുമാറും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനമായി. രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ നിലവിലെ മന്ത്രി വിഎന്‍ വാസവന് കൂടുതലായി ഒരു വകുപ്പിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഗവര്‍ണര്‍ അംഗീകരിച്ച പട്ടികയാണിപ്പോള്‍ പുറത്തുവന്നത്.

മന്ത്രി കെബി ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ച പ്രകാരം ഗതാഗത വകുപ്പ് തന്നെയാണ് നല്‍കിയത്. സിനിമ വകുപ്പ് കൂടി അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. അതേസമയം, രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കിയില്ല. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്ഥ വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കിയത്. വിഎന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കിയിട്ടുണ്ട്.

മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് സിപിഎം തീരുമാനം. ഈ തീരുമാനം ശരിവച്ചുകൊണ്ടാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്.

രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് ലഭിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും വകുപ്പുകള്‍ സംബന്ധിച്ച അന്തിമ പട്ടികയില്‍ ഇതുണ്ടായില്ല. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തത്. സ​​ഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ​ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്.

Top