ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. വ്യാഴാഴ്ച ഇസ്രൊ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലും വിക്രം ലാന്ററുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്നു മാത്രമേ വ്യക്തമാക്കിയിരുന്നുള്ളു.
ധ്രുവപ്രദേശമായതിനാല്‍ ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്നുള്ള വെളിച്ചം കുറഞ്ഞുതുടങ്ങിയെന്നാണ് വിലയിരുത്തല്‍. അതേസമയം വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതിന്റെ കാരണം പഠിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താന്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ വഴി നാസയും ശ്രമിച്ചിരുന്നു. ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും ലാന്‍ഡറിനെ കണ്ടെത്താനായില്ല. ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയത് ദക്ഷിണ ധ്രുവത്തിന്റെ നിഴല്‍ നിറഞ്ഞ ദൃശ്യങ്ങളാണെന്നും ഇതില്‍ നിന്നും ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസയെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദക്ഷിണധ്രുവപ്രദേശത്തെ പകല്‍ സമയം അവസാനിച്ച് തുടങ്ങിയതിനാല്‍ തന്നെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിച്ചിരുന്നത്.
ചന്ദ്രനില്‍ രാത്രി തുടങ്ങുന്ന സെപ്തംബര്‍ ഇരുപതോ ഇരുപത്തിയൊന്നോ വരെ ശ്രമം തുടരും. 14 ദിവസമായിരുന്നു സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിന്റെ ആയുസ്. 7 വര്‍ഷത്തേക്ക് കാലാവധി നീട്ടിയിട്ടുള്ള ഓര്‍ബിറ്ററിലാണ് ഇനി പ്രതീക്ഷ മുഴുവന്‍.