കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി; പ്രഖ്യാപനം നാളെ ഉണ്ടായേക്കും

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്റ്റര്‍, എംപി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം കെപിസിസി പുനസംഘടനയില്‍ എഐസിസി ഇടപെട്ടിട്ടില്ലെന്ന് വിശദീകരിച്ച് കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. എല്ലാം എന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. നേരത്തെ കെപിസിസി പുനസംഘടന വൈകുന്നതിന് പിന്നില്‍ കെ.സിയുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുനസംഘടനാ മാനദണ്ഡങ്ങളില്‍ യാതൊരു ഇടപെടലും എഐസിസി നടത്തിയിട്ടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് പട്ടിക നല്‍കാതെ കെ സുധാകരന്റെ മടക്കം. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തയ്യാറാക്കിയ പട്ടികയ്ക്ക് എതിരെയായിരുന്നു നേതാക്കളുടെ പരാതി. കൂടിയാലോചനകള്‍ നടത്തിയില്ലെന്നും ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നുമാണ് ആക്ഷേപം. ചര്‍ച്ച നടത്തുമെന്ന ഉറപ്പ് കെപിസിസി നേതൃത്വം പാലിച്ചില്ലെന്നുമായിരുന്നു വിമര്‍ശനം.

51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പട്ടിക ഇന്നലെ ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. പക്ഷെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ പട്ടിക കൈമാറിയതെന്നാണ് വിവരം. മുതിര്‍ന്ന വനിതകള്‍ക്ക് മാനദണ്ഡങ്ങളില്‍ നല്‍കിയ ഇളവ് കൂടുതല്‍ പേര്‍ക്ക് നല്‍കണമെന്ന ആവശ്യവും ശക്തമായിരുന്നു.

Top