രാജ്യത്തെ സാമ്പത്തികസ്ഥിതി ശക്തമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നും, ചില മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും, വിലക്കയറ്റം മൂന്നര ശതമാനത്തിന് മുകളില്‍ പോകില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

വിദേശ നാണ്യ ശേഖരം 400 ബില്യണ്‍ ഡോളറിന് മുകളിലെത്തിയതായും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

ജി.ഡി.പി വളര്‍ച്ച ആദ്യ പാദത്തില്‍ കുറഞ്ഞതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രസര്‍ക്കാര്‍ നേരിടുമെന്നും, സാമ്പത്തിക പരീക്ഷണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്‌ലി മാധ്യമങ്ങളോട് സൂചിപ്പിച്ചു.

സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ കുറേ ആഴ്ചകളിലായി നിരവധി ചര്‍ച്ചകളും വിശകലനങ്ങളും നടത്തുന്നുണ്ട്.

ഇന്ത്യയുടേത് കഴിഞ്ഞ മൂന്നു വര്‍ഷമായി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും, സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top