കേന്ദ്രം നടത്തിയത് മുഖം രക്ഷിക്കാനുള്ള കുറയ്ക്കലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചത് മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എക്‌സൈസ് തീരുവ കുറച്ചത് പോരെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

33 രൂപ വരെ വര്‍ധിപ്പിച്ച സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നാണ് ഇപ്പോള്‍ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത് സാധാരണ നികുതിയില്‍ നിന്നല്ല. സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി എന്ന് പറഞ്ഞ് വര്‍ധിപ്പിക്കുന്ന നികുതിയില്‍ നിന്നാണ്. ഇത് സംസ്ഥാനങ്ങളുമായ പങ്കുവെക്കേണ്ടതില്ല. അങ്ങനെ 33 രൂപ വരെ വര്‍ധിപ്പിച്ചതില്‍ തുകയില്‍ നിന്നാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇനിയും കുറക്കേണ്ടതാണ്, ഇത് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.’ ധനമന്ത്രി പറഞ്ഞു.

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയും കുറയും. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും. ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Top