കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം, കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി കേരളം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനെത്തുടര്‍ന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാല്‍ അതിന്റെ പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നല്‍കുന്നതു പോലെയെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നികുതി കുറയ്ക്കുമെന്ന് ബാലഗോപാല്‍ ഇന്നലെ പറഞ്ഞിരുന്നു.

ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഉത്തര്‍പ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങള്‍ ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ടു രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ പറഞ്ഞു.

 

Top