തിരുവനന്തപുരം: കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്ന് പറയുമ്പോള്‍, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വില്‍ക്കാനുള്ളൂ എന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍ പറയേണ്ടെന്നും മന്ത്രി ചോദിച്ചു.
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞാല്‍ പിന്‍വലിക്കാനാകുമെന്നും ധനമന്ത്രി അറിയിച്ചു. ഓണക്കാലത്ത് ബില്ലുകള്‍ അധികം എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രഷറിയില്‍ നിന്ന് നിത്യചെലവുകള്‍ക്കുള്ള ബില്ലുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ചുരുക്കിയിരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ഇത്തവണ ഓണത്തിന് നിയന്ത്രണങ്ങളോടെയെങ്കിലും ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും കമ്പനിക്കുമെതിരെ മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ പരാതിയില്‍ ജിഎസ്ടി കമ്മീഷണറേറ്റ് അന്വേഷണം നടത്തുന്നുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് കിട്ടിയാല്‍ അറിയിക്കാം. കര്‍ണാടകത്തില്‍ പരിശോധന വേണമോയെന്ന് ജിഎസ്ടി കമ്മീഷണറേറ്റാണ് തീരുമാനിക്കുക എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.